Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 11:01 AM GMT Updated On
date_range 2015-10-06T16:31:07+05:30ആരാകും മേയര്‍? ചര്‍ച്ച മുറുകുന്നു
text_fieldsകൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം തുടങ്ങുംമുമ്പുതന്നെ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് വമ്പന്‍ ചരടുവലികള്‍. കോര്പറേഷന് മേയര്‍ സ്ഥാനം ഇക്കുറി വനിതാ സംവരണമാണ്. അതുകൊണ്ടുതന്നെ വനിതാ മേയറാകാന്‍ പ്രമുഖരാണ് രംഗത്തുള്ളത്. യു.ഡി.എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് ക്യാമ്പിലാണ് ഏറ്റവുമധികം പേര് മേയര്‍ സ്ഥാനത്തേക്ക് ഇടിക്കുന്നത്. കെ. കരുണാകരന്‍െറ മകള്‍ പത്മജ വേണുഗോപാല്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, നിലവില്‍ ഡെ. മേയറായ ബി. ഭദ്ര, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗമിനി ജെയിന് തുടങ്ങിയ പേരുകളെല്ലാം മേയര്‍സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കെ. കരുണാകരന് കൊച്ചിയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയുമായാണ് പത്മജയെ അനുകൂലിക്കുന്നവര്‍ രംഗത്തുള്ളത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഗോശ്രീ പാലങ്ങള്‍ തുടങ്ങി കരുണാകരന് കൊച്ചിയില്‍ കൊണ്ടുവന്ന വികസനങ്ങള്‍ ഏറെയാണെന്നും അദ്ദേഹത്തോടുള്ള ആദരവ് മകള്‍ക്കുള്ള വോട്ടായി മാറുമെന്നുമാണ് ഇവര്‍ വാദിക്കുന്നത്. കോര്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കാനും ‘പാര്‍ട്ടി പറഞ്ഞാല്‍ മേയറാകാനും’ തനിക്ക് മടിയില്ളെന്ന് പത്മജയും പ്രതികരിച്ചിട്ടുണ്ട്. പത്മജയെ കോര്‍പറേഷനിലേക്ക് മത്സരിപ്പിച്ചാല്‍, മാസങ്ങള്‍ക്കകം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റിന് ഇടിക്കുന്നവരുടെ എണ്ണത്തില്‍ ഒരാള്‍ കുറഞ്ഞിരിക്കുമെന്ന് ഇവര്‍ സ്വകാര്യമായി പറയുന്നുമുണ്ട്. പ്രവര്‍ത്തന പാരമ്പര്യത്തിന്‍െറ പിന്‍ബലവുമായാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് അവകാശവാദവുമായി രംഗത്തുള്ളത്. സീനിയര്‍ ഗവ. പ്ളീഡറായ ലാലി വിന്‍സെന്റ് ഇതിനായി ഗവ. പ്ളീഡര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, പത്മജയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനില്ളെന്ന നിലപാടിലാണവര്‍. പത്മജ കോര്‍പറേഷനിലേക്ക് മത്സരിച്ച് കൗണ്‍സിലറായി വരുകയാണെങ്കില്‍ താന്‍ എതിര്‍ക്കാന്‍ നില്‍ക്കില്ല. അതേസമയം, കൊച്ചി കോര്‍പറേഷനില്‍ യു.ഡി.എഫ് പിന്തുടരുന്ന സമുദായ സമവാക്യങ്ങള്‍ പിന്തുടരുകയാണെങ്കില് കാറ്റ് ലാലിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും ഇവരെ പിന്തുണക്കുന്നവര്‍ക്കുണ്ട്. ഡെ. മേയര്‍ എന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഭദ്രയുടെ മുതല്‍ക്കൂട്ടായി ഉയര്‍ത്തിക്കാണിക്കുന്നത്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സൗമിനി ജെയിനും പ്രവര്‍ത്തനമികവിന്‍െറ പിന്തുണയുമായാണ് രംഗത്തുള്ളത്. അതേസമയം, ജില്ലാ പഞ്ചായത്തിലെയും കോര്‍പറേഷനിലെയും ഫലങ്ങള്‍ പുറത്തുവന്നശേഷം ഗ്രൂപ് സമവാക്യങ്ങള്ക്കനുസരിച്ചേ കാര്യങ്ങള്‍ക്ക് തീരുമാനമാകൂ എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ഇടത് ക്യാമ്പിലും മേയര്‍ സ്ഥാനാര്‍ഥി സംബന്ധിച്ച ചര്‍ച്ച മുറുകുന്നുണ്ട്. പശ്ചിമബംഗാളിലെന്നപോലെ കൊച്ചി കോര്‍പറേഷനും മൂന്ന് പതിറ്റാണ്ട് ഇടത് ഭരണത്തിന് കീഴിലായിരുന്നു. 2010ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണിക്ക് കോര്പറേഷന് ഭരണം നഷ്ടമായത്. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചയാളായിരുന്നു അന്നത്തെ മേയറെങ്കിലും കോര്പറേഷന് ഭരണത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നത് പരാജയത്തിന് ഒരുകാരണമായി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച സ്ഥാനാര്ഥിയെയായിരിക്കണം ഇത്തവണ കോര്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ഉയര്ത്തിക്കാണിക്കേണ്ടതെന്ന ചര്‍ച്ച സജീവമാണ്. തെരഞ്ഞെടുപ്പിനുശേഷം മേയറെ കണ്ടത്തൊമെന്ന ചര്‍ച്ചയും സജീവമാണെങ്കിലും യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിച്ച് വോട്ടുപിടിക്കുമ്പോള്‍ ഇടതുമുന്നണിയും ആ വഴിയില്‍ നീങ്ങേണ്ടിവരുമെന്നാണ് മറുവിഭാഗം പറയുന്നത്. പ്രഫ. മോനമ്മ കോക്കാടിന്െറ പേരാണ് ഇടത് ക്യാമ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഈ പേര് ഉയര്‍ത്തിക്കാട്ടിയാല്‍ ക്രൈസ്തവസഭാ നേതൃത്വത്തിന്‍െറ രഹസ്യപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും ഇവരെ പിന്തുണക്കുന്നവര്‍ പങ്കുവെക്കുന്നു.
Next Story