നീലേശ്വരം: നീലേശ്വരം ബസ്സ്റ്റാൻഡിന് സമീപത്ത് ചീമേനി തുറന്ന ജയിലിെൻറ ചപ്പാത്തി യും ബിരിയാണിയും വിൽക്കുന്ന വാഹനത്തിന് ആവശ്യമായ രേഖകളില്ലാത്തതിനാൽ വാഹനം മോട് ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. അനധികൃത പാർക്കിങ് പരിശോധിക്കാനെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജയിൽ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ നീലേശ്വരം ബസ്സ്റ്റാൻഡ് പരിസരത്താണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ജില്ല കലക്ടർ വിളിച്ചുചേർത്ത ജില്ല അവലോകന യോഗത്തിൽ നടപ്പാക്കിയ തീരുമാന പ്രകാരമാണ് കാഞ്ഞങ്ങാട് ആർ.ടി.ഒ വി. അനിൽ കുമാറിെൻറ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. നീലേശ്വരം ബസ്സ്റ്റാൻഡിനടുത്ത് മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും വിധത്തിൽ ജയിൽ വാഹനം നിർത്തിയിട്ട് ഭക്ഷണവിൽപന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ.ടി.ഒ ഉദ്യോഗസ്ഥർ എത്തിയത്.
വെള്ളിമൂങ്ങ എന്ന് വിളിക്കുന്ന ഓട്ടോറിക്ഷ മുന്നിലും പിന്നിലും നമ്പർ പ്ലേറ്റ് മറച്ചുവെച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വണ്ടിയുടെ നമ്പർ പരിശോധിച്ചപ്പോഴാണ് നിലവിൽ ഒരുവിധ രേഖകളും ജയിൽ വണ്ടിക്ക് ഇല്ലെന്ന് കണ്ടെത്തിയത്. ജയിൽ വകുപ്പിെൻറ ഉദ്യോഗസ്ഥനോട് കാര്യങ്ങൾ ആരാഞ്ഞപ്പോൾ ഡ്രൈവർ രാവിലെ ഇറങ്ങിപ്പോയതാണെന്നും വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നുമാണ് ആർ.ടി.ഒ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടൻ കാഞ്ഞങ്ങാട് എം.വി.ഐ അനിൽ കുമാർ KL. 13Z 8850 വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം കലക്ടർക്ക് കൈമാറും. എന്നാൽ, ജയിലിനുവേണ്ടി ചപ്പാത്തിയും ബിരിയാണിയും വിൽക്കുന്ന ഈ വാഹനം കരാർ അടിസ്ഥാനത്തിൽ ഓടുന്നതാണെന്നും വണ്ടിയുടെ രേഖകൾ സംബന്ധിച്ച കാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും ജയിൽ ജീവനക്കാരൻ ആർ.ടി.ഒയെ അറിയിച്ചു.