കാസർകോട്: കാസർകോടൻ കല്യാണങ്ങളെ പ്ലാസ്റ്റിക്കിൽനിന്ന് മുക്തമാക്കി ഹരിതാഭമ ാക്കാൻ നഗരസഭയൊരുങ്ങി. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം നിലവിൽവന്ന സാഹചര്യത്തിൽ ഹരിതകേരള മിഷെൻറ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗം ലഘൂകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങുടെ ഭാഗമാണ് നഗരസഭയുടെ നടപടി. ഇതിെൻറ ഭാഗമായി ബദൽസംവിധാനം ഏർപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി നഗരസഭ പദ്ധതിയിൽപെടുത്തി കഴുകി ഉപയോഗിക്കാൻ കഴിയുന്ന 1000 സ്റ്റീൽ പാത്രങ്ങളും 1000 ചെറിയ പ്ലേറ്റുകളും 1000 സ്റ്റീൽ ഗ്ലാസുകളും നഗരസഭ വാങ്ങിയിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്കും കല്യാണ മണ്ഡപങ്ങൾക്കും മറ്റു ചടങ്ങുകൾക്കും മിതമായ നിരക്കിൽ വാടകക്ക് ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ നൽകും.
മകെൻറ വിവാഹച്ചടങ്ങുകൾ പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തി മുൻ നഗരസഭ ചെയർമാൻ ടി.ഇ. അബ്ദുല്ല മാതൃകയായി. നഗരസഭയുടെ ഹരിതകർമ സേനാംഗങ്ങളുടെ പക്കൽനിന്ന് വാങ്ങിയ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളും ഗ്ലാസുകളുമാണ് ചടങ്ങിന് ഉപയോഗിച്ചത്. പൊതുജനങ്ങൾക്ക് മാതൃകയാകുന്ന പ്രവർത്തനം കാഴ്ചവെച്ച ടി.ഇ. അബ്ദുല്ലയുടെ വീട്ടിൽ ചെയർപേഴ്സനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും നഗരസഭ സെക്രട്ടറിയും ഹരിതസേനാംഗങ്ങളും നേരിട്ടെത്തിയാണ് പാത്രങ്ങൾ കൈമാറിയത്. സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ആവശ്യമുള്ളവർ ഗായത്രി കിനി: 9037974971, ടി.എസ്. രമ്യ- 7034588131 എന്നീ ഹരിതകർമ സേനാംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.