ഉരുവച്ചാൽ: ഇരുചക്രവാഹന യാത്രക്കാർക്കും പിൻസീറ്റിൽ യാത്ര ചെയ്യുവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ ടൗണുകളിൽ നിർത്തിയിടുന്ന ബൈക്കുകളിൽനിന്ന് ഹെൽമറ്റ് മോഷണം വ്യാപകമായി. ഉരുവച്ചാൽ ടൗണിലെ വിവിധ സ്ഥലങ്ങളിലായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിൽനിന്നാണ് ഹെൽമറ്റ് മോഷണംപോവുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരുടെയും ഞായറാഴ്ച മൂന്നു പേരുടെയും ഹെൽമറ്റ് കളവുപോയി. പൊലീസ് വാഹന പരിരോധന കർശനമാക്കിയതോടെയാണ് നാട്ടിൽ ഹെൽമറ്റ് മോഷണം പെരുകിയത്.
വഴിയിൽ പൊലീസ് പരിശോധന ഉണ്ടെന്നറിഞ്ഞവരാണ് നിർത്തിയിട്ട ബൈക്കുകളിൽനിന്ന് കവരുന്നതെന്നാണ് പരാതി. ഉരുവച്ചാൽ ടാക്സി സ്റ്റാൻഡ് പരിസങ്ങളിൽ രാവിലെ നിർത്തിയിട്ട ബൈക്കുകളിൽനിന്ന് ഹെൽമറ്റ് നഷ്ടമായതായി ബൈക്ക് യാത്രക്കാർ പറയുന്നു. രാവിലെ ജോലിക്ക് പോകുന്നവർ ഉരുവച്ചാലിൽ വിവിധ സ്ഥലങ്ങളിലായി നിർത്തിയിടാറുണ്ട്. ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരാണ് ഹെൽമറ്റ് കൊണ്ടുപോവുന്നത്. കളവു ചെയ്യുന്ന ഹെൽമറ്റുകൾ കള്ളന്മാർ ചെറിയ തുകക്ക് മറ്റുള്ളവർക്ക് വിൽപന നടത്താൻ വേണ്ടിയാണ് മോഷണം പെരുകുന്നതെന്നും പറയുന്നു.