കാസർകോട്: മണ്ണിനെ നീരണിയിച്ച്, പുതുജീവൻ നൽകിയിരുന്ന ആ ജലസ്രോതസ്സുകൾ ഇനിയും കുഞ്ഞുതിരകളായി ഒഴുകിത്തുടങ്ങും. ഇല്ലാതായിക്കൊണ്ടിരിക്കുന്ന 45 നീർച്ചാലുകളാണ് വീണ്ടെടുക്കുന്നത്. നാടിെൻറ ജലസ്രോതസ്സുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷനാണ് ജനകീയ പരിപാടിയുമായി രംഗത്ത്. മിഷൻറ മൂന്നാം വാര്‍ഷികത്തിെൻറ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ’ എന്ന പദ്ധതിയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ച്ചാലുകള്‍ ശുചീകരിക്കുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14 മുതല്‍ 22വരെയാണ് നീര്ച്ചാല് പുനരുജ്ജീവന പരിപാടി നടക്കുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞവര്‍ഷത്തെ വേനലിലെ ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ള വിതരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് രണ്ടു കോടി രൂപയാണ്.
ജില്ലയിലെ ജലക്ഷാമം രൂക്ഷമായി മാറിയ സാഹചര്യത്തിലാണ് ഹരിതകേരള മിഷന് മൂന്നാം വാര്‍ഷികത്തിെൻറ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ’ എന്നപേരില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് നടത്തുന്നത്. ശുചീകരിച്ച നീര്‍ച്ചാലുകളുടെ തുടര്‍പരിപാലനം പ്രാദേശികമായി സംഘടിപ്പിക്കുന്ന സമിതികള്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, ജലസേചനവകുപ്പ്, ഗ്രാമീണ തൊഴിലുറപ്പ്, അയ്യങ്കാളി തൊഴിലുറപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി, ശുചിത്വമിഷന്, രാഷ്ട്രീയ യുവജന സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട് എന്നിവ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടക്കുക.