കാസർകോട്: മുറിക്കുമ്പോൾ മാത്രമല്ല, ഉള്ളിയുടെ വില കേട്ടാലും ഇപ്പോൾ കണ്ണുനിറയും. കാ സർകോട് മാർക്കറ്റിൽ കഴിഞ്ഞദിവസം ഒരു കിലോ വലിയ ഉള്ളി വിറ്റത് 105രൂപക്കാണ്. ചില്ലറ വില 100 മുതൽ 105 രൂപ വരെ എത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് 60 രൂപയായിരുന്നു വില. രണ്ടുമാസം മുമ്പ് ഒരുകിലോയ്ക്ക് 18 രൂപക്ക് വിറ്റിരുന്ന ഉള്ളിയുടെ വിലയാണ് നിയന്ത്രണമില്ലാതെ കുതിച്ചുകയറിക്കൊണ്ടിരിക്കുന്നത്. വെളുത്തുള്ളിയുടെയും ചെറിയ ഉള്ളിയുടെയും വിലയും കുതിച്ചുകയറുകയാണ്. ഒരാഴ്ചമുമ്പ് 100 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 150ലെത്തി.
വില കുതിച്ചുകയറിയതോടെ പലരും ഉള്ളി ഉപയോഗം പേരിന് മാത്രമാക്കി. ബിരിയാണിക്കാണ് ഉള്ളി കൂടുതലായി ഉപയോഗിക്കുന്നത്. ഇത് വിവാഹച്ചെലവ് കൂടാൻ കാരണമായിട്ടുണ്ട്. ഹോട്ടലുകളിലെ ഭക്ഷണത്തിൽ ഉള്ളി കണ്ടാലായി. മഹാരാഷ്ട്രയിൽനിന്നാണ് കാസർകോട് മാർക്കറ്റിലേക്ക് ഉള്ളി എത്തുന്നത്. മഴക്കെടുതിമൂലം കൃഷിനശിച്ചതാണ് പ്രധാന കാരണം. ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. വില പിടിച്ചുനിർത്താൻ ആവശ്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.