നീലേശ്വരം: മാസങ്ങളായി യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന ഗതാഗതക്ക ുരുക്കിൽനിന്ന് മോചനം നേടാൻ നടപടി ആരംഭിച്ചു. നീലേശ്വരം പാലത്തിലെ വാഹനങ്ങളുടെ ഗതാഗതക്കുരുക്കിനാണ് ഒരാഴ്ചക്കകം പരിഹാരമാവുക. ദേശീയപാത നീലേശ്വരം പാലത്തിെൻറ റോഡ് തകർന്ന് വലിയ കുഴികളായതിനാലാണ് ഗതാഗതക്കുരുക്ക് നിത്യസംഭവമായത്. 150 മീറ്റർ നീളത്തിൽ മെക്കാഡം ടാറിങ് ചെയ്ത് ഒരാഴ്ചക്കകം പൂർണമായും പരിഹരിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ജില്ല വികസന സമിതി യോഗത്തിൽ പ്രശ്നം ഉന്നയിച്ചിരുന്നുവെങ്കിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ പ്രവൃത്തിക്ക് കാലതാമസം വരുകയായിരുന്നു.
എന്നാൽ, ഈ മാസം അവസാനം ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് നീലേശ്വരത്ത് രണ്ടു വേദികൾ അനുവദിച്ചുകിട്ടിയതോടെ റോഡിെൻറ അപാകതയും ഗതാഗതക്കുരുക്കും എത്രയുംപെട്ടെന്ന് പരിഹരിക്കണമെന്ന് നഗരസഭ ചെയർമാൻ ദേശീയപാത അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് റോഡ് അറ്റകുറ്റപ്പണിക്ക് തീരുമാനമായത്. നീലേശ്വരം പാലത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരിന്നു. കഴിഞ്ഞ ദിവസം മാർക്കറ്റ് ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാർ പൊട്ടിപ്പൊളിഞ്ഞ റോഡ് ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.