നീലേശ്വരം: നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കും ചെറുവത്തൂർ ഭാഗത്തേക്കും പോ കുന്നവർ ശ്രദ്ധിക്കുക. ഒരുമണിക്കൂർ മുമ്പേ യാത്രപുറപ്പെട്ടാൽ മാത്രമേ ലക്ഷ്യസ്ഥാനത്തെത്തൂ. കാരണം, നീലേശ്വരം പാലത്തിന് മുകളിലുള്ള ഗതാഗത കുരുക്കിൽപെട്ടാൽ വാഹനത്തിൽ മണിക്കൂറോളം കാത്തുകിടക്കേണ്ടിവരും. പാലത്തിെൻറ തെക്കുഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് കൂറ്റൻ കുഴിയായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുമൂലം വാഹനങ്ങളുടെ നിര കിലോമീറ്ററോളം കിടക്കുന്നത് കാണാം. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതുമൂലം വാഹനങ്ങൾ പാലത്തിലൂടെ പതുക്കെയാണ് പോകുന്നത്. ഇതുമൂലം ഗതാഗതക്കുരുക്ക് ദിവസവും അതിരൂക്ഷമാവുകയാണ്. പാതാളക്കുഴി രണ്ടുതവണ നികത്തി ടാർ ചെയ്തെങ്കിലും എല്ലാം മഴയത്ത് കുത്തിയൊലിച്ചുപോയി.
കാലപ്പഴക്കംമൂലം ബലക്ഷയം സംഭവിച്ച പാലത്തിൽ കൂടിയുള്ള യാത്രയും ആളുകളെ പേടിപ്പെടുത്തുന്നതാണ്. ദേശീയപാതയിൽ കുഴികൾ നികത്തി യാത്ര സുഗമമാക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ ഒരു പരിഹാരനടപടിയും സ്വീകരിക്കുന്നില്ല. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവർമാരും െപാലീസും ചേർന്ന് കുഴി താൽക്കാലികമായി അടച്ചെങ്കിലും മഴയിൽ എല്ലാം ഒലിച്ചുപോയി. അത്യാസന്നനിലയിൽ രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസുകളും ഈ ഗതാഗതകുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. മഴ കനത്തതോടെ കുഴിയിൽ വെള്ളം നിറഞ്ഞതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ബൈക്കിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. ദേശീയപാത അതോറ്റിതന്നെ മുൻകൈ എടുത്താൽ മാത്രമേ കുരുക്കിന് ശാശ്വത പരിഹാരമാവുകയുള്ളൂ.