മുള്ളേരിയ: വിളവെടുപ്പുകാലം സജീവമായിട്ടും അടക്ക പറിക്കാൻ തൊഴിലാളികളെ കിട്ടാത്ത ത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. തൊഴിലാളികളെ കിട്ടാതായതോടെ പഴുത്ത അടക്കകൾ കമുകിൽനിന്ന് വവ്വാലുകൾ കൊത്തിയെടുത്തും ചുവട്ടിൽ വീണും നശിക്കുന്ന അവസ്ഥയിലാണിപ്പോൾ. മുമ്പ് ഈ ജോലി ചെയ്തിരുന്നവർ നിർത്തിയതും പുതുതായി ആരും കടന്നുവരാത്തതുമാണ് അടക്ക കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
നിലവിലുള്ള തൊഴിലാളികൾക്കാവട്ടെ 1500 രൂപ മുതൽ 3000 രൂപ വരെയാണ് കൂലി. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ ആണ് വർഷത്തെ ആദ്യം അടക്ക വിളവെടുക്കുന്നത്. ഡിസംബർ അവസാനവാരമോ ജനുവരി ആദ്യവാരമോ ആണ് രണ്ടാമത്തേത്. എന്നാൽ, ജില്ലയുടെ പലഭാഗത്തും അടക്ക പഴുത്തിട്ട് ദിവസങ്ങളായിട്ടും പറിച്ചെടുക്കാൻ ആളെ കിട്ടാത്ത സ്ഥിതിയാണ്. കമുകിൽ കയറുന്ന യന്ത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ ഇത് പ്രായോഗികമല്ല. മഴക്കാലത്ത് രോഗം കാരണം വ്യാപകമായി അടക്ക നശിച്ചിരുന്നു. ബാക്കിയുള്ള അടക്ക പറിച്ചെടുക്കാൻ ആളെ കിട്ടാതായതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.