കർണാടക സ്വദേശിനിയുടെ കൊലപാതകം: പ്രതി പിടിയിൽ

05:03 AM
10/01/2019
കാസർകോട്: കർണാടക സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിക്കൊപ്പം താമസിച്ചിരുന്ന കര്‍ണാടക ബെളഗാവി കസബാഗിലെ ചന്ദ്രു രമേശ് കാംബ്ലെ എന്ന സുനിലാണ് (39) അറസ്റ്റിലായത്. കര്‍ണാടക ശിവമോഗയിലെ തീർഥഹള്ളിയിൽ വെച്ചാണ് കാസർകോട് സി.െഎ വി.വി. മനോജി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഗദക് ജില്ലയിലെ ബന്ദൂർ സ്വദേശി വീരഭദ്രപ്പയുടെ മകളും വിദ്യാനഗർ ചാല റോഡിലെ വാടക വീട്ടിൽ താമസക്കാരിയുമായിരുന്ന സരസ്വതിയെ (35) കഴിഞ്ഞ ഡിസംബര്‍ 20ന് രാവിലെയാണ് മുറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ പ്രതി സരസ്വതിയുടെ തല ചുമരിലിടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ഭർത്താവ് രണ്ടു വർഷം മുമ്പ് മരിച്ച സരസ്വതി അഞ്ചു മാസമായി ചന്ദ്രുവിനൊപ്പമാണ് താമസിച്ചിരുന്നത്. സരസ്വതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഇരുവരും ചേർന്ന് മദ്യപിച്ച ശേഷം ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ചന്ദ്രു സരസ്വതിയുടെ തല ചുമരിലിടിക്കുകയും നിലത്തുവീണ സരസ്വതിയുടെ നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. തലക്കുപിറകിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണകാരണം. ഇൻറർലോക്ക് തൊഴിലാളിയായ ചന്ദ്രു കൊലപാതക ശേഷം തൊഴിലുടമക്ക് മുറിയുടെ താക്കോല്‍ നൽകി നാട്ടിലേക്കെന്നുപറഞ്ഞ് പോവുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറി തുറന്നുനോക്കിയപ്പോഴാണ് സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കാസർകോട് സി.െഎ വി.വി. മനോജ്, എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐമാരായ കെ.എം. ജോണ്‍, പ്രദീപ്കുമാര്‍, നാരായണന്‍, സിവിൽ പൊലീസ് ഒാഫിസർമാരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീഷ്, ശ്രീകാന്ത്, ശിവകുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്.
Loading...
COMMENTS