കേന്ദ്രസർവകലാശാല: എസ്​.എഫ്​.​െഎ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം

06:26 AM
12/09/2018
പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാർഥിയെ അറസ്റ്റ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചില്‍ സംഘർഷം. സർവകലാശാലയിലെ ചെടിച്ചട്ടിയും ഗ്ലാസും തകര്‍ത്തതായി രജിസ്ട്രാര്‍ ബേക്കല്‍ പൊലീസിൽ പരാതി നല്‍കി. 30,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 10 എസ്.എഫ്.െഎ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന നാനൂറോളം പ്രവർത്തകർക്കെതിരെയും ബേക്കല്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് എസ്.എഫ്.ഐ നേതൃത്വത്തിൽ കേന്ദ്ര സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. ബേക്കല്‍ എസ്.ഐ വിനോദ് കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാർച്ച് തടഞ്ഞു. ഇതിനിടയിലാണ് സർവകലാശാലയിലെ ചെടിച്ചട്ടികളും ഗ്ലാസുകളും തകർക്കപ്പെട്ടത്. പ്രസാദ് പന്ന്യനെ പുറത്താക്കിയത് നീതീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. എതിര്‍ക്കുന്നവരെ കോളജില്‍നിന്ന് പുറത്താക്കുന്ന സമീപനമാണ് വൈസ് ചാന്‍സലറും സർവകലാശാല അധികൃതരും സ്വീകരിക്കുന്നത്. ഇതിനെതിരെ ഏതറ്റംവരെയും സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. രാവിലെ 11ന് തുടങ്ങിയ പ്രതിഷേധം ഉച്ച രണ്ടുവരെ നീണ്ടു. സർവകലാശാലാ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ചു.
Loading...
COMMENTS