സോങ്കാൽ സിദ്ദീഖ് വധം: പ്രതികളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി

06:41 AM
10/08/2018
മഞ്ചേശ്വരം: ഉപ്പള സോങ്കാൽ സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ സിബി തോമസാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടിൽ അപേക്ഷ നൽകിയത്. അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. അതേസമയം, കോടതി റിമാൻഡ്ചെയ്ത ആർ.എസ്.എസ് പ്രവർത്തകരായ പ്രതാപ് നഗറിലെ അശ്വിത് എന്ന ആച്ചു (28), ഐല മൈതാനിയിലെ കാർത്തിക് (27) എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നേരേത്ത, കാസർകോട് സബ്ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്. പൊലീസ് തെളിവെടുപ്പിൽ കണ്ടെടുത്ത കത്തി കൊണ്ടുതന്നെയാണ് പ്രതികൾ അബൂബക്കർ സിദ്ദീഖിനെ കുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അബൂബക്കര്‍ സിദ്ദീഖി​െൻറ ശരീരത്തിലുണ്ടായിരുന്ന മുറിവും കത്തിയുടെ രൂപവും തമ്മില്‍ സാമ്യമുള്ളതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്. കത്തിയുടെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ രണ്ടു പ്രതികളെ മാത്രമാണ് പൊലീസ് അറസ്റ്റ്ചെയ്തത്. രണ്ടുപേർ മാത്രമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. പ്രതികൾ മണിക്കൂറുകൾക്കകം കീഴടങ്ങിയതിനാൽ മറ്റു പ്രതികൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് പൊലീസ് നിഗമനം.
Loading...
COMMENTS