ഭെൽ ഇ.എം.എൽ: സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന്​ മുസ്​ലിം ലീഗ്

02:47 AM
24/06/2020
കാസർകോട്: കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. 2016 ആഗസ്റ്റ് 12നാണ് കേന്ദ്ര വ്യവസായ മന്ത്രി ആനന്ദ് ഗീതെ സ്ഥാപനം കൈയൊഴിയുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. 2017 ജൂൺ 12ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥാപനം ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും മൂന്നുവർഷം കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിച്ച സ്പെഷൽ ഓഫിസർ രണ്ടു വർഷമായി കാസർകോട്ടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കമ്പനി ഡയറക്ടർ ബോർഡിലുള്ള സംസ്ഥാന സർക്കാർ പ്രതിനിധിയും മൗനത്തിലാണ്. 19 മാസമായി ശമ്പളം ലഭിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിയ 180 ജീവനക്കാരുടെയും കുടുംബങ്ങളുടെയും 30 വർഷത്തിലധികം ജോലി ചെയ്ത് ശമ്പളവും ഗ്രാറ്റ്വിറ്റിയും പെൻഷൻ പോലും ലഭിക്കാതെ പിരിഞ്ഞുപോകുന്ന ജീവനക്കാരുടെയും കണ്ണീര് കാണാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. വർഷത്തിൽ അഞ്ചുകോടി രൂപ വരെ ലാഭമുണ്ടാക്കിയിരുന്ന കാസർകോടിൻെറ അഭിമാനമായിരുന്ന കെൽ യൂനിറ്റിനെ ഭെല്ലിന് കൈമാറിയത് കഴിഞ്ഞ ഇടതു സർക്കാറിൻെറ കാലത്ത് സി.ഐ.ടി.യു നേതാവ് കൂടിയായിരുന്ന വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സത്യഗ്രഹം പ്രഖ്യാപിച്ചപ്പോൾ അതിനുമുമ്പ് സത്യഗ്രഹ പ്രഹസനം നടത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉച്ചയോടെ സത്യഗ്രഹം അവസാനിപ്പിച്ചത് മുഖ്യമന്ത്രി ഇടപെടുമെന്ന് പറഞ്ഞായിരുന്നു. സ്ഥാപനത്തിൻെറയും ജീവനക്കാരുടെയും സംരക്ഷണത്തിന് വർഷങ്ങളായി എസ്.ടി.യു സമരമുഖത്താണ്. തൊഴിലാളികളെ ബാധിക്കുന്ന അതിപ്രധാന വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച് സി.പി.എം മൗനം മതിയാക്കി നിലപാട് വ്യക്തമാക്കണമെന്നും അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.
Loading...