സ്‌കൂൾ ഉച്ചയൂണിന് വിപണിയിലെ അച്ചാർ നിരോധിച്ചു; പാചകത്തിന് വാതകം മാത്രം

05:44 AM
17/05/2018
തൃക്കരിപ്പൂർ: സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ വിപണിയില്‍നിന്ന് വാങ്ങുന്ന അച്ചാറുകള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച സർക്കുലർ കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയത്. ഉച്ചഭക്ഷണ മെനുവില്‍ രസം, അച്ചാര്‍ എന്നിവ കഴിവതും ഒഴിവാക്കണമെന്നതുള്‍പ്പെടെ എട്ടിന നിര്‍ദേശങ്ങളാണ് സര്‍ക്കുലറിൽ ഉള്ളത്. വിപണിയിൽ ലഭിക്കുന്ന അച്ചാറുകളില്‍ രാസവസ്തുക്കളും പൂപ്പലും മറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിർദേശം. അന്നന്ന് തയാറാക്കുന്ന അച്ചാറുകള്‍ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഉച്ചയൂണിന് മൂന്നു കറികള്‍ നിര്‍ബന്ധമാണ്. രസം ഒരു കറിയായി പരിഗണിച്ച് എണ്ണം തികക്കുന്ന പരിപാടി അവസാനിപ്പിക്കാനാണ് രസംതന്നെ വേണ്ടെന്നുവെച്ചത്. മറ്റുനിർദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: സ്കൂള്‍ തുറക്കുന്ന ദിവസംതന്നെ ഉച്ചഭക്ഷണപദ്ധതി ആരംഭിക്കണം. ഉച്ചഭക്ഷണ കമ്മിറ്റി ഭക്ഷണമെനു തയാറാക്കണം. പാചകശാല, സ്റ്റോര്‍, കിണര്‍, ടാങ്ക് തുടങ്ങിയവ സ്കൂള്‍ തുറക്കുംമുമ്പ് ശുചിയാക്കണം. പാചകത്തൊഴിലാളികള്‍ 25ന് മുമ്പ് ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം. സ്റ്റോക്കുള്ള അരി ഉപയോഗയോഗ്യമല്ലെങ്കില്‍ ഉപജില്ല ഓഫിസറെ രേഖാമൂലം അറിയിക്കണം. മേയ് 30ന് മുമ്പ് മാവേലി സ്റ്റോറുകളില്‍നിന്ന് അരി സ്കൂളുകളില്‍ എത്തിക്കണം. പാചകത്തിന് പാചകവാതകം മാത്രമേ ഉപയോഗിക്കാവൂ. വിറകി​െൻറ ഉപയോഗം പൂർണമായും അവസാനിപ്പിക്കും.
Loading...
COMMENTS