ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

05:42 AM
14/03/2018
മഞ്ചേശ്വരം: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബൈക്കുമായി രക്ഷപ്പെട്ടു. കന്യാപാടിയിലെ അഹമ്മദ് ജംഷീറിനെയാണ് (20) കുമ്പള എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്നും ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് മഞ്ചേശ്വരത്താണ് സംഭവം. അഹമ്മദ് ജംഷീറും സുഹൃത്തും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് കൈകാണിച്ചെങ്കിലും ഇവർ നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ എക്സൈസ് ഇരുവരെയും പിന്തുടർന്നു. ഇതിനിടെ ബൈക്കിന് പിറകിലിരുന്ന അഹമ്മദ് ജംഷീര്‍ കഞ്ചാവ് റോഡരികിലുള്ള കെട്ടിടത്തിലേക്ക് വലിച്ചെറിയുന്നതിനിടെ റോഡിലേക്ക് വീണു. പിന്തുടര്‍ന്നെത്തിയ എക്സൈസ് സംഘം ജംഷീറിനെ പിടികൂടിയെങ്കിലും സുഹൃത്ത് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ജംഷീറിനെ പിന്നീട് അറസ്റ്റ് ചെയ്തു.
Loading...
COMMENTS