കടിഞ്ഞിമൂലയിൽ സി.പി.എം^കോൺഗ്രസ് സംഘർഷം; 11 പേർക്ക് പരിക്കേറ്റു, ഡി.സി.സി സെക്രട്ടറിയുടെ കാർ തകർത്തു

05:47 AM
17/04/2018
കടിഞ്ഞിമൂലയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; 11 പേർക്ക് പരിക്കേറ്റു, ഡി.സി.സി സെക്രട്ടറിയുടെ കാർ തകർത്തു നീലേശ്വരം: കടിഞ്ഞിമൂലയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം. ഇരു വിഭാഗത്തിൽപെട്ട 11 പേരെ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കടിഞ്ഞിമൂലയിലെ സി.പി.എം പ്രവർത്തകരായ കെ. രാകേഷ് (29), എം. കൃഷ്ണദാസ് (17) എന്നിവരെ പരിയാരം മെഡിക്കൽ കോളജിലും പി. ജിതിൻ (23), കെ. സതീശൻ (49), രാഘവൻ (49), കെ. അജേഷ് (29), ടി.വി. ബാബു (38) എന്നിവരെ നീലേശ്വരം തേജസ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടിഞ്ഞിമൂലയിലെ കോൺഗ്രസ് പ്രവർത്തകരായ മൂലയിൽ സതീശൻ (32), പി.പി. സുകേഷ് (23), പി. ശരത് (23) എന്നിവരെ മംഗളൂരൂ ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലും നീലേശ്വരം എൻ.കെ.ബി.എം ആശുപത്രി ആംബുലൻസ് ഡ്രൈവർ കെ. പ്രിയേഷിനെ (29) കാഞ്ഞങ്ങാട് മാവുങ്കാൽ സഞ്ചീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കടിഞ്ഞിമൂല എ.കെ.ജി മന്ദിരത്തി​െൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. ശനിയാഴ്ച എ.കെ.ജി മന്ദിരം ഓഫിസിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നവരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം പള്ളിക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.പി. മുഹമ്മദ് റാഫി പറഞ്ഞു. എന്നാൽ, കടിഞ്ഞിമൂലയിലെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീട്ടിൽ പരസ്യമായി സി.പി.എം പ്രവർത്തകർ മദ്യപിക്കുന്നത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നുവെന്നും പിന്നീട് കൂടുതൽ സി.പി.എം പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നും ഡി.സി.സി സെക്രട്ടറി മാമുനി വിജയൻ പറഞ്ഞു. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കാറിൽ കൊണ്ടുപോകുമ്പോൾ കാറി​െൻറ ഗ്ലാസുകൾ തകർത്തു. പിന്നീട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി പൊലീസ് വാഹനത്തിൽ കൊണ്ടുപോയാണ് പ്രവർത്തകർക്ക് ചികിത്സ നൽകിയത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കണിച്ചിറയിലെ രജ്ഞിത്ത്, രാജേഷ്, അനൂപ് പത്തിലകണ്ടം എന്നിവരടക്കം 25 പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകരുടെ പരാതിയിൽ കടിഞ്ഞിമൂലയിലെ ശരത്, സതീശൻ, സുകേഷ് ഉൾപ്പെടെയുള്ള പത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു. സി.പി.എം-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണ​െൻറ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. റോഡരികിലുള്ള കൊടിതോരണങ്ങളും റോഡിന് മുകളിൽ രാഷ്ട്രീയ ചിഹ്നങ്ങൾ വരക്കുന്നതും കർശനമായി നിരോധിക്കാൻ ധാരണയായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കടിഞ്ഞിമൂലയിൽ പൊലീസ് കാവലേർപ്പെടുത്തി.
Loading...
COMMENTS