നീലേശ്വരം ഇ.എം.എസ്​ സ്​റ്റേഡിയം യാഥാർഥ്യമാകുന്നു

05:28 AM
13/09/2017
നീലേശ്വരം: നീലേശ്വരത്തെ ഇ.എം.എസ് സ്റ്റേഡിയം യാഥാർഥ്യമാകുന്നു. സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചശേഷം 2018 ആദ്യത്തോടെ നിർമാണപ്രവൃത്തികൾ ആരംഭിക്കാനാവും. 20 കോടി ചെലവിൽ ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ഇൗ സ്റ്റേഡിയം നാടി​െൻറ കായികമുന്നേറ്റങ്ങൾക്ക് കരുത്ത് പകരുന്നതോടൊപ്പം കേരളത്തി​െൻറ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനുള്ള സ്മരണാഞ്ജലി കൂടിയാകും. നീലേശ്വരം ബ്ലോക്ക് ഒാഫിസിന് സമീപം പൊതുമരാമത്ത് റോഡിനോട് ചേർന്ന് അഞ്ച് ഏക്കർ സ്ഥലമാണ് സ്റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. പവലിയൻ, ഫുട്ബാൾ, ഫീൽഡ്, എട്ട് ലൈനുകളിലായി സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. മുൻ എം.എൽ.എ കെ. കുഞ്ഞിരാമ​െൻറ സജീവമായ ഇടപെടൽമൂലം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ആദ്യ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് പദ്ധതി മുന്നോട്ടുപോയില്ല. 2016ൽ വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എം. രാജഗോപാലൻ എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്ന് 2017ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജില്ലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയമെന്ന ചിരകാലസ്വപ്നമാണ് നീലേശ്വരത്ത് ഇ.എം.എസ് സ്റ്റേഡിയം യാഥാർഥ്യമായാൽ സഫലമാവുക.
COMMENTS