ദേശീയപാത: അറ്റകുറ്റപ്പണി ഒരാഴ്​ചക്കകം; ഒരുകോടി രൂപയുടെ പ്രവൃത്തിക്കാണ് കരാറായത്

05:28 AM
13/09/2017
കാസർകോട്: ദേശീയപാതയിലെ കുഴികൾ ഒരാഴ്ചക്കകം നികത്തും. അറ്റകുറ്റപ്പണികൾക്കായി സംസ്ഥാന സർക്കാർ ധനസഹായം നൽകും. ഒരുകോടി രൂപയുടെ പ്രവൃത്തികൾക്കാണ് കരാറായിരിക്കുന്നത്. കുഴികൾ താൽക്കാലികമായി അടക്കുമെങ്കിലും മഴ പൂർണമായും വിട്ടശേഷമേ ടാറിങ് ജോലികൾ പൂർത്തീകരിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ ദേശീയപാതാവികസനം നീണ്ടുപോകുന്നതിനാൽ അറ്റകുറ്റപ്പണികൾക്കുള്ള തുക കേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്നില്ല. ദേശീയപാത നാലുവരിയാക്കുന്നത് 2016 ഡിസംബറിൽ തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച തർക്കങ്ങൾമൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. ചട്ടഞ്ചാൽ- -നീലേശ്വരം പാത ഒഴികെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. തലപ്പാടി മുതൽ ചട്ടഞ്ചാൽ വരെയും നീലേശ്വരം മുതൽ കാലിക്കടവ് വരെയുമുള്ള 50 കിലോമീറ്റർ പാതയിലാണ് ആദ്യഘട്ടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നത്. കാസർകോട് പുതിയ ബസ്സ്റ്റാൻഡ് ജങ്ഷൻ മുതൽ കറന്തക്കാട് വരെ ദേശീയപാത പൂർണമായും ടാർചെയ്യും. പുതിയ ബസ്സ്റ്റാൻഡിന് സമീപം നുള്ളിപ്പാടിയിൽ റോഡ് തകർന്നതിനെക്കുറിച്ച് 'മാധ്യമം' കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. തലപ്പാടി മുതൽ ഉപ്പള വരെയും നീലേശ്വരം മുതൽ കാലിക്കടവ് വരെയും പാതയുടെ സുരക്ഷിതത്വ കാലാവധി രണ്ടുവർഷം പിന്നിട്ടതാണ്. ദേശീയപാത അതോറിറ്റി മുഖേനയുള്ള ദേശീയപാതാവികസനം 2018 മേയിൽ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ ദേശീയപാതകൾ മാസങ്ങളായി തകർന്നുകിടക്കുന്നത് വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് അധികൃതർ ഇതുവരെ പറഞ്ഞിരുന്നത്.
COMMENTS