ജനപങ്കാളിത്തത്തിൽ പാലിയേറ്റിവ് സൊസൈറ്റിക്ക് വാഹനം

05:31 AM
13/10/2017
തൃക്കരിപ്പൂർ: സാന്ത്വന പരിചരണ മേഖലയിൽ വർധിച്ചുവരുന്ന ജനപങ്കാളിത്തം ആശാവഹമാണെന്ന് ഡെപ്യൂട്ടി കലക്ടർ എൻ. ദേവീദാസ് പറഞ്ഞു. തൃക്കരിപ്പൂർ പാലിയേറ്റിവ് സൊസൈറ്റിക്ക് വേണ്ടി വാങ്ങിയ ഹോം കെയർ വാഹനം ഫ്ലാഗ്ഓഫ്ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽനിന്ന് കൈയൊഴിയുന്ന രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും സാന്ത്വനപരിചരണം വഴി സാധിക്കുന്നു. കിടപ്പുരോഗികളെ മാസത്തിലൊരിക്കലെങ്കിലും പുറംലോകം കാണിക്കുന്ന ഡേ കെയർ സംവിധാനം കൂടുതൽ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ യോഗം ഉദ്‌ഘാടനംചെയ്തു. ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. ചന്തേര എസ്.ഐ കെ.വി. ഉമേശൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. ബാവ, ബ്ലോക്കംഗം സി. രവി, ജില്ല ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ സെക്രട്ടറി ബി. അജയ്കുമാർ എന്നിവർ സംസാരിച്ചു. എം.ടി.പി. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. പാലിയേറ്റിവ് ഹോം കെയർ വാഹനത്തിനാവശ്യമായ പത്തരലക്ഷം രൂപയും പൊതുജനങ്ങളിൽനിന്നുള്ള സംഭാവനയിലൂടെയാണ് കണ്ടെത്തിയത്.
COMMENTS