പട്ടികവര്‍ഗ പി.ജി ബിരുദധാരികളുടെ സംഗമം

05:32 AM
07/12/2017
കാസർകോട്: ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ ബിരുദാനന്തര ബിരുദധാരികളുടെ വിവിധ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും ആശയങ്ങള്‍ പങ്കുവെക്കുന്നതിനും സംഗമം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികവര്‍ഗ വികസന വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് സംഗമം നടന്നത്. പഠനരംഗത്തും തൊഴില്‍ മേഖലയിലും ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികവര്‍ഗ വിഭാഗം യുവതീയുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും വാര്‍ഷിക പദ്ധതികള്‍ക്ക് രൂപംനല്‍കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട പരിപാടികള്‍ തയാറാക്കുന്നതിനും ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിച്ചത്. പട്ടികവർഗക്കാരുടെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഭ്യസ്തവിദ്യരായ പട്ടികവർഗ യുവാക്കള്‍ തയാറാവണമെന്ന് ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു നിർദേശിച്ചു. ട്രൈബല്‍ എക്സ്റ്റൻഷന്‍ ഓഫിസ് തലത്തില്‍ അഭ്യസ്തവിദ്യരായ പട്ടികവർഗക്കാരുടെ കണക്കെടുപ്പ് നിലവില്‍ പൂര്‍ത്തിയായി. പട്ടികവർഗ അഭ്യസ്തവിദ്യരുടെ അഭിരുചിയും യോഗ്യതയും അനുസരിച്ച് ജോലി ലഭിക്കുന്നതിനുള്ള പദ്ധതിയാണ് പട്ടികവർഗ വികസന വകുപ്പും ജില്ല ഭരണകൂടവും ചേര്‍ന്ന് തയാറാക്കുന്നത്. നാല് ട്രൈബല്‍ എക്സ്റ്റൻഷന്‍ ഓഫിസ് പരിധിക്കകത്ത് എംപ്ലോയ്‌മ​െൻറ് സ​െൻറര്‍ ആരംഭിച്ച് അഭ്യസ്തവിദ്യര്‍ക്ക് സ്ഥിരം പരിശീലനം നല്‍കുന്നതിനുള്ള സംവിധാനമാണിത്. യോഗ്യരായ പട്ടികവര്‍ഗ യുവാക്കളെ തന്നെ പി.എസ്.സി കോച്ചിങ് തുടങ്ങിയ പരിശീലനത്തിന് അധ്യാപകരായി നിയമിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗക്കാരെ നിയമിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനും നടപടി സ്വീകരിക്കും. കേന്ദ്ര--സംസ്ഥാന സര്‍ക്കാര്‍ സർവിസില്‍ കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ കടന്നുവരുന്നതിന് ജില്ലയില്‍ പരിശീലന പദ്ധതികള്‍ ആവശ്യമാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പട്ടികവര്‍ഗ ക്ഷേമപദ്ധതികളെക്കുറിച്ചും ഭൂരിപക്ഷം കോളനിവാസികള്‍ക്കും വേണ്ടത്ര അറിവില്ല. പ്രമോട്ടര്‍മാര്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തുന്നതായും പ്രമോട്ടര്‍മാര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോളനികളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കാലാനുസൃതമായ നടപടി ആവശ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ല പട്ടികജാതി വികസന ഓഫിസർ കെ.എം. സദാനന്ദന്‍, ജൂനിയര്‍ സൂപ്രണ്ട് കെ.വി. രാഘവൻ, ട്രൈബല്‍ എക്സ്റ്റൻഷന്‍ ഓഫിസര്‍ എ. ബാബു, ബ്ലോക്ക് ട്രൈബല്‍ ഓഫിസര്‍മാര്‍ എന്നിവരും പങ്കെടുത്തു.
COMMENTS