സ്റ്റേഡിയത്തിൽനിന്നുള്ള മണ്ണ് തള്ളുന്നത് വിവാദത്തിൽ
text_fieldsകൂത്തുപറമ്പ്: നഗരസഭാ സ്റ്റേഡിയത്തിൽനിന്ന് നീക്കംചെയ്യുന്ന മണ്ണ് വിവിധ സർക്കാ ർ ഓഫിസുകൾക്കു സമീപം തള്ളുന്ന റവന്യൂ അധികൃതരുടെ നീക്കം വിവാദമാകുന്നു. നൂറുകണക്കിന് ലോഡ് മണ്ണാണ് വിവിധ സർക്കാർ സ്ഥാപനങ്ങൾക്കു സമീപം അശാസ്ത്രീയമായി തള്ളുന്നത്. സബ് ട്രഷറി, ഫുഡ് സേഫ്റ്റി ഓഫിസ് എന്നിവക്കു സമീപമാണ് വൻതോതിലുള്ള മണ്ണുതള്ളൽ. അതോടൊപ്പം സബ് ട്രഷറി പരിസരത്തെ വാഹനപാർക്കിങ്ങും മണ്ണുതള്ളലിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കയാണ്. നഗരസഭ സ്റ്റേഡിയത്തിൽ പുല്ലുെവച്ചുപിടിപ്പിക്കുന്നതിെൻറ ഭാഗമായാണ് കൂറ്റൻ മൺകൂന രൂപപ്പെട്ടിട്ടുള്ളത്.
കരാറുകാരും റവന്യൂ അധികൃതരും തമ്മിലുള്ള തർക്കത്തെ തുടർന്ന് മാസങ്ങളായി മണ്ണ് നീക്കം ചെയ്യാതെ സ്റ്റേഡിയത്തിെൻറ ഒരുഭാഗത്ത് കൂട്ടിയിടുകയായിരുന്നു. ഒടുവിൽ ഉന്നത ഇടപെടലിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ, ഒരു തത്ത്വദീക്ഷയുമില്ലാതെ സ്റ്റേഡിയത്തിനു സമീപംതന്നെ മണ്ണ് തള്ളുകയാണുണ്ടായത്. നീക്കം ചെയ്ത മണ്ണ് മഴ പെയ്യുന്നതോടെ വീണ്ടും സ്റ്റേഡിയത്തിലേക്കുതന്നെ ഒഴുകിയെത്തുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതേസമയം, നിർദിഷ്ട ബസ്സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡിന് നൂറുകണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്. നീക്കംചെയ്യുന്ന മണ്ണ് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നിരിക്കെയാണ് ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന മണ്ണുതള്ളൽ. റവന്യൂ അധികൃതരുടെ നടപടി ഇതിനകം വിവാദമായി മാറിയിട്ടുണ്ട്.