കാണാതെ പോകരുത് കവ്വായി കായലോളങ്ങൾ
text_fieldsപയ്യന്നൂർ: മലനിരകളുടെ കാറ്റേറ്റ്, പച്ചത്തുരുത്തുകൾ കണ്ട് ഓളപ്പരപ്പിലൂടൊരു സാഹ സിക യാത്ര നടത്താൻ ഇനി വിദേശത്ത് പോകേണ്ട. ലോകസഞ്ചാര ഭൂപടത്തിലിടം പിടിച്ച കവ്വായിക്കായൽ നൽകും കാഴ്ചയുടെ ഉത്സവം. പറയുന്നത് അന്താരാഷ്ട്ര മാഗസിനുകൾ. അതുകൊണ്ടുതന്നെ ഏഴിമലയോരത്തിെൻറ ഈ ജലസമ്പന്നത ഇനി കാഴ്ചക്കാരുടെ സാന്നിധ്യം കൊണ്ട് കൂടി പ്രശസ്തമാവും. ലോൺലി പ്ലാനറ്റ് മാസികയുടെ അഭിപ്രായപ്രകാരം കേരളത്തിൽ കാണേണ്ട അഞ്ചിടങ്ങളിൽ ഒന്നും ലോകത്തിലെ 20 സ്ഥലങ്ങളിൽ ഒന്നുമായി കവ്വായിക്കായൽ ഇടം കണ്ടു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സിംഗപ്പൂർ എയർലൈൻസിെൻറ ട്രാവൽ മാഗസിനിലും കവ്വായിയുടെ പേര് അടയാളപ്പെട്ടു. സംസ്ഥാന സർക്കാറിെൻറ ക്ഷണിതാക്കളായി ഈ വർഷം 40 ഓളം രാജ്യങ്ങളിൽനിന്നുള്ള സംഘങ്ങൾ നടത്തിയ സന്ദർശനത്തെ തുടർന്നാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലോകമാഗസിനുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഈ വർഷം 12 രാഷ്ട്രങ്ങളിൽനിന്നുള്ള സഞ്ചാരികൾ കവ്വായിക്കായൽ സന്ദർശിച്ചു. കയാക്കിങ് കൂടി തുടങ്ങിയതോടെ വരുംവർഷങ്ങളിൽ ഇത് ഗണ്യമായി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച കയാക്കിങ് സംഘടിപ്പിച്ചിരുന്നു. കായലും കടലും മലകളും തുരുത്തുകളുമൊക്കെ ചേർന്ന കവ്വായിക്കായൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ നീണ്ടുകിടക്കുന്ന കായലിെൻറ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങളും ചെമ്പല്ലിക്കുണ്ട്,
കുണിയൻ തുടങ്ങിയ പക്ഷിസങ്കേതങ്ങളും ശ്രദ്ധേയമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് അടുത്തകാലത്തായി ഇവിടെയെത്തുന്നത്. ഉത്തര മലബാറിെൻറ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. അറബിക്കടലിനു സമാന്തരമായി 21 കിലോ മീറ്റർ നീണ്ടുകിടക്കുന്ന കവ്വായിക്കായൽ ലോക തണ്ണീർത്തട പദവിയായ രാംസർസൈറ്റ് പട്ടികയിലിടം പിടിക്കാനുള്ള പ്രാഥമിക നടപടികളിലാണ്.
കേരളത്തിൽ മലിനപ്പെടാത്ത ജലസമൃദ്ധി കൂടിയാണ് വടക്കൻ കേരളത്തിെൻറ ജല-ഭക്ഷ്യസുരക്ഷ കൂടിയായ ഈ കായൽ. പ്രകൃതിസൗന്ദര്യത്തിനുമപ്പുറം ജലവിഭവങ്ങളുടെ സമൃദ്ധിയും ദേശാടനക്കിളികളുടെ അപൂർവതയും ശുദ്ധജല കയാക്കിങ്ങിന് ഏറെ അനുയോജ്യമായ കവ്വായിക്കായലിെൻറ പ്ലസ് പോയൻറുകളാണ്. പയ്യന്നൂരിെൻറ ചരിത്രവും കായലിെൻറ ജൈവസമ്പന്നതയും അറിഞ്ഞ് പച്ചോളങ്ങളിൽ തെന്നിയൊഴുകാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് കവ്വായിക്കായൽ. കയാക്കിങ് യാത്ര വ്യാഴാഴ്ച സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിയാൽ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അതിഥിയായി.