കലിതുള്ളി കടൽ; ഭീതിയിൽ കടലോരം
text_fieldsകണ്ണൂർ: ‘മഹ’ ചുഴലിക്കാറ്റിെൻറ പ്രഭാവത്തിൽ കടൽ പ്രക്ഷുബ്ധമായതോടെ തീരത്ത് ഭീത ിയുടെ നാളുകൾ. കണ്ണൂർ സിറ്റി, തയ്യിൽ, മൈതാനപ്പള്ളി ഭാഗങ്ങളിൽ അക്ഷരാർഥത്തിൽ കലിതുള്ളുകയാണ് കടൽ. മീറ്ററുകളോളം ഉയരത്തിൽ തിരമാല കരയിലേക്ക് അടിച്ചുകയറി. വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റും മഴയും തുടങ്ങിയതോടെ കടലും ഇളകിമറിയാൻ തുടങ്ങി. രാത്രി വൈകിയും കടൽ അടങ്ങിയിട്ടില്ല. ശക്തമായ കടലേറ്റത്തിൽ പലയിടത്തും കടൽഭിത്തി തകർന്നു. വീടുകളിലേക്ക് വെള്ളം കയറി. തീരത്തോട് ചേർന്നുനിൽക്കുന്ന നിരവധി വീടുകൾ അപകടനിലയിലാണ്. ഈ പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, വീട്ടുസാധനങ്ങളും മറ്റും ഇേട്ടച്ചുപോകാനാകാത്തതിൽ പലരും മാറിയിട്ടില്ല. വൈകാതെ കടൽക്ഷോഭം അടങ്ങുമെന്ന പ്രതീക്ഷയാണ് ഇവർ പങ്കുവെക്കുന്നത്.
മഹ ചുഴലിക്കാറ്റ് അതിതീവ്ര സ്വഭാവത്തിലേക്ക് മാറുേമ്പാഴും കേരളതീരം അതിെൻറ സഞ്ചാരപഥത്തിൽ ഇല്ലെന്നാണ് കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നതെങ്കിലും ചുഴലിക്കാറ്റിെൻറ പ്രഭാവം ജില്ലയിലെ തീരക്കടലിനെയും ബാധിച്ചിട്ടുണ്ട്. തലശ്ശേരി, പുതിയങ്ങാടി ഭാഗത്തും കടൽക്ഷോഭം ശക്തമായിട്ടുണ്ട്. തിരമാലകൾ കരയിലേക്ക് ശക്തമായി അടിച്ചുകയറുന്നതിനാൽ നിരവധി വീടുകൾ ഭീഷണിയിലാണ്. റവന്യൂ അധികൃതരും പൊലീസും ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു.