ഒരിടത്ത് കാമറ; മറ്റൊരിടത്ത് ബില്ല്
text_fieldsപാപ്പിനിശ്ശേരി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വിരുതന്മാരെ കാമറയും മാലിന്യച്ചാക്കിലുള്ള ബില്ലും കുടുക്കി. പാപ്പിനിശ്ശേരി ദേശീയപാതയോരത്ത് നട്ടുച്ചക്ക് മാലിന്യം തള്ളാനെത്തിയവരെയാണ് കാമറ കുടുക്കിയത്. ഈ പ്രദേശത്ത് മാലിന്യം തള്ളൽ പതിവായതോടെ പഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥാപിച്ച കാമറയിൽ വിരുതന്മാർ കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ച ഒന്നര മണിയോടെയാണ് ദൃശ്യം കാമറ വഴി പഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടറിൽ ലഭ്യമായത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ചേർന്ന് വാഹനം കൈയോടെ പിടികൂടി. നിയമാനുസൃതമായ പിഴ ചുമത്തുകയും കോൺക്രീറ്റ് മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ഇവിടെ കാമറ വഴി മാലിന്യം പിടികൂടുന്നത്.
മാലിന്യച്ചാക്കിലുള്ള ബില്ലാണ് നാറാത്ത് മാലോട്ട് മഞ്ചപ്പാലത്തിൽ മാലിന്യം തള്ളിയവരെ തിരിച്ചറിയാൻ സഹായിച്ചത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും മാലിന്യം പരിശോധിച്ചപ്പോഴാണ് ബില്ലുകൾ ലഭിച്ചത്. കക്കാെട്ട ഗാർമെൻറ്സ് കടയിലെയും സമീപവീടുകളിലെയും മാലിന്യമായിരുന്നു ഇത്. പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നത് രൂക്ഷമായതോടെ പലയിടത്തും സി.സി.ടി.വി കാമറ സ്ഥാപിച്ച് അധികൃതർ നടപടി കർശനമാക്കിയിരുന്നു. ഇതോടെ കാമറയുള്ള പ്രദേശങ്ങൾ ഒഴിവാക്കി മറ്റിടങ്ങളിലായി മാലിന്യം തള്ളൽ. സി.സി.ടി.വി ഇല്ലാത്ത പ്രദേശമാണ് മാലോട്ട് മഞ്ചപ്പാലം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേരള പഞ്ചായത്തിരാജ് ആക്ട് പ്രകാരം നടപടി സ്വീകരിച്ചതായി സെക്രട്ടറി അറി
യിച്ചു.