മണ്ണിൽ പുതഞ്ഞ കപ്പൽ ഇനിയും നീക്കാനായില്ല
text_fieldsകണ്ണൂർ: പൊളിക്കാൻ അഴീക്കൽ ‘സിൽക്കി’ലേക്ക് കൊണ്ടുവരുന്നതിനിടെ വടം െപാട്ടി മണ്ണിൽ പുതഞ്ഞ, കാലപ്പഴക്കംചെന്ന രണ്ട് കപ്പലുകളും ഇതുവരെ പുറത്തെടുക്കാനായില്ല. ഇനി അധികൃതരുടെ പ്രതീക്ഷ ചെന്നൈയിൽ നിന്ന് കൊണ്ടുവരുന്ന ടഗിലാണ്. അവിടെ നിന്ന് പുറപ്പെട്ട ടഗ് അടുത്ത ആഴ്ചയോടെ കണ്ണൂരിൽ എത്തുമെന്നാണ് കരുതുന്നത്. അമ്പത് ടൺ ഭാരമുള്ള ഈ ടഗും നിലവിൽ കൊല്ലത്തുനിന്ന് നേരത്തെ കപ്പൽ നീക്കാനായെത്തിച്ച അമ്പത് ടണ്ണിെൻറ ടഗും ചേർന്ന് രണ്ടു കപ്പലുകളെയും മണ്ണിൽനിന്ന് ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. പൊളിക്കാനായി അഴീക്കൽ ‘സിൽക്കി’ലേക്ക് കൊണ്ടുവന്ന കപ്പലുകൾ പ്രളയത്തിൽപെട്ടാണ് കരക്ക് സമീപം കടലിൽ മണ്ണിൽ പുതഞ്ഞത്.
കടൽ ക്ഷോഭത്തിൽ കൊണ്ടുവരാൻ പ്രയാസം നേരിട്ടതോടെ വടം പൊട്ടി ഒരു കപ്പൽ തലശ്ശേരി ധർമടം തുരുത്തിനു സമീപം മണ്ണിൽ പുതഞ്ഞു. അഴീക്കൽ തീരത്ത് എത്തിച്ച രണ്ടാമത്തെ കപ്പൽ വളപട്ടണം പുഴയിലെ വെള്ളപ്പൊക്കം കാരണം ടഗിൽ വടംകെട്ടി കടലിൽ നിർത്തിയിട്ടതായിരുന്നു. കാറ്റും മഴയും ശക്തമായതോടെ വടംപൊട്ടി അഴീക്കൽ ലൈറ്റ് ഹൗസിനു സമീപത്ത് മണ്ണിൽ പുതഞ്ഞു. മണൽതിട്ടയിൽ പുതുഞ്ഞ കപ്പലുകളെ അഴീക്കൽ കപ്പൽ പൊളിശാലയിൽ (സിൽക്ക്) എത്തിക്കാൻ നടത്തിയ ശ്രമം ഫലംകണ്ടില്ല. കൊല്ലത്തുനിന്ന് ടഗ് ഉൾപ്പെടെ സംവിധാനം എത്തിച്ചിരുന്നു. എന്നാൽ, അഴീക്കൽ ലൈറ്റ്ഹൗസിനു സമീപത്തെ കപ്പൽ ഉയർത്താനുള്ള ശ്രമത്തിനിടെ വടം പൊട്ടി കടലിൽ താഴ്ന്നതോടെ ശ്രമം പാതിവഴിയിലായി. അതിനു ശേഷമാണ് ചെന്നൈയിൽ നിന്ന് ടഗ് കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.
കപ്പലുകൾക്ക് 800 ടണ്ണിലേറെ ഭാരമുണ്ട്. ഇവ മണ്ണിൽ നിന്നുയർത്തി സിൽക്കിെൻറ കപ്പൽപൊളി ശാലയിൽ എത്തിക്കാനായി കൊല്ലത്തുനിന്നെത്തിയ 20 അംഗ സംഘമാണ് ഏതാനും ദിവസമായി ശ്രമം നടത്തിയത്. കപ്പൽ യാർഡിൽ എത്തിക്കാനാകാത്തതിനാൽ മാലിയിൽനിന്ന് കപ്പൽ വലിച്ചുകൊണ്ടുവന്ന പാരാ സി എന്ന ടഗ് പുറം കടലിൽ തന്നെയാണുള്ളത്. മാലിയിൽ നിന്ന് ജൂലൈ 25ന് പുറപ്പെട്ട പാരാ സി ആഗസ്റ്റ് മൂന്നിനാണ് അഴീക്കലിൽ ഒഴിവാലി 106, എം.വി. ഒലീൻ റൂളർ എന്നീ കപ്പലുകളുമായി അടുത്തത്. ടഗിൽ മാലിയിൽ നിന്നുള്ള ഒമ്പത് തൊഴിലാളികളുമുണ്ട്. കൊച്ചിയിൽ നിന്നും മംഗളൂരുവിൽ നിന്നും എത്തിയ കോസ്റ്റ്ഗാർഡ് കപ്പലുകൾ അഴീക്കൽ തീരത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം ബലൂൺ സാേങ്കതിക വിദ്യ ഉപയോഗിച്ച് കപ്പൽ ഉയർത്താനാണ് ശ്രമിക്കുന്നതെന്നാണ് വിവരം.