കേബിൾ പൈപ്പുകൾ മാറ്റിയില്ല; അപകടക്കെണിയായി ഇരിട്ടി പാലം
text_fieldsഇരിട്ടി: കേബിൽ പൈപ്പുകൾ മാറ്റാത്തതിനാൽ ഇരിട്ടി പാലത്തിലൂടെയുള്ള കാൽനട അപകടക്കെണിയായി മാറുന്നു. പാലത്തിെൻറ കൈവരികളിൽ സ്ഥാപിച്ച വിവിധ ടെലിഫോൺ കമ്പനികളുടെ കേബിൾ കടന്നുപോവുന്ന ഇരുമ്പ് പൈപ്പുകളും അതോടൊപ്പം പാലത്തിന് മുകളിലെ കുഴികളുമാണ് അപകടത്തിന് ഇടയാക്കുന്നത്. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് കാൽനടയായി പോവുകയായിരുന്ന ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാലത്തിനു മുകളിൽ അപകടത്തിൽപെട്ടു. പാലത്തിനു മുകളിലൂടെ നടന്നുപോവുന്നതിനിടെ എതിർദിശയിൽനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തിന് അരികുകൊടുക്കുന്നതിനിടയിൽ കൈവരിയിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾക്കും ബസിനും ഇടയിൽ വിദ്യാർഥിനി കുടുങ്ങുകയായിരുന്നു.
ഇരുമ്പ് കമ്പിയിൽ തട്ടി മുറിവേറ്റ കുട്ടിയെ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രണ്ടു വർഷം മുമ്പ് പാലത്തിനു മുകളിലൂടെ നടന്നുപോകുമ്പോൾ ബസിനും കൈവരിയിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പിനും ഇടയിൽ കുരുങ്ങി പയഞ്ചേരി സ്വദേശി രാഘവൻ മരിച്ചിരുന്നു. ഇതേത്തുടർന്ന് പാലത്തിന് മുകളിൽ സ്ഥാപിച്ച ടെലിഫോൺ കമ്പനികളുടെ കേബിളുകൾ പാലത്തിന് പുറത്ത്കൂടെ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. പാലത്തിനു മുകളിൽ പലയിടങ്ങളിലും ടാറിളകി കുഴികളായത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാലത്തിനു സമീപം തന്നെ കെ.എസ്.ടി.പി റോഡ് നവീകരണത്തിെൻറ ഭാഗമായി പുതിയപാലത്തിെൻറ നിർമാണം നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.