മാഹിയുടെ ഹൃദയം തുടിക്കുന്നു; ഫ്രഞ്ച്​ വിജയത്തിനായി

05:56 AM
12/07/2018
തലശ്ശേരി: കപ്പിലേക്ക് ഫ്രാൻസിന് ഒരു വിജയദൂരം മാത്രം. ലോകമെങ്ങുമുള്ള ഫ്രഞ്ച് ആരാധകരുടെ ഹൃദയമിടിപ്പിനൊപ്പം ഇങ്ങ് മാഹിയുടെ ഹൃദയവും ഫ്രാൻസിനായി തുടിക്കുകയാണ്. ഒരുകാലത്ത് ഫ്രാൻസി​െൻറ കീഴിലായിരുന്ന മാഹിയിൽ ഇപ്പോഴും ഫ്രഞ്ച് പൗരത്വം സൂക്ഷിക്കുന്ന നിരവധിേപരുണ്ട്. ലോകകപ്പിൽ ഫ്രാൻസി​െൻറ ഒാരോ വിജയവും മാഹിയിലും ആവേശരാവുകളാണ് സമ്മാനിക്കുന്നത്. ചൊവ്വാഴ്ച രാത്രി സെമിഫൈനലിൽ 51ാമത്തെ മിനിറ്റിൽ ബെൽജിയത്തിനെതിരെ ഫ്രാൻസ് വിജയഗോൾ നേടിയപ്പോൾ മാഹിയിൽ ആവേശം അത്യുന്നതിയിലായിരുന്നു. ഫ്രഞ്ച് അധിനിവേശത്തി​െൻറ രക്തബന്ധം സിരകളിൽ ഇപ്പോഴും സൂക്ഷിക്കുന്ന മാഹിജനത, ഫ്രാൻസ് കപ്പ് നേടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചുമാണ് ചൊവ്വാഴ്ചത്തെ വിജയരാത്രി മാഹിയിലെ കായികപ്രേമികൾ കൊണ്ടാടിയത്. ഫ്രഞ്ച് കോളനിയുടെ ഭാഗമായിരുന്നതിനാൽ മാഹിജനതയുടെ കായികമനസ്സ് ഫ്രാൻസിനൊപ്പമാണെന്ന് കഥാകൃത്ത് ഉത്തമരാജ് മാഹി പറയുന്നു. ഫൈനലിൽ ഫ്രാൻസ് കപ്പ് നേടണമെന്നാണ് ത​െൻറ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ് ലോകചാമ്പ്യന്മാരാകുമെന്നാണ് പ്രതീക്ഷയെന്ന് മാഹിയിലെ ഫ്രഞ്ച് പഠനകേന്ദ്രമായ അലയൻസ് ഫ്രാൻസെസ് പ്രസിഡൻറ് സൈറ സതീഷ് പറഞ്ഞു. ഫ്രാൻസ് ലോകചാമ്പ്യന്മാരായാൽ മാഹിയിൽ വിപുലമായ ആഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മാഹിജനത ഫ്രാൻസ് ടീമിനെ പിന്തുണക്കുകയാണെന്ന് ഫ്രഞ്ച് പൗരന്മാരുടെ സംഘടനയുടെ പ്രസിഡൻറ് അടിയേരി കനകരാജ് പറഞ്ഞു. എതിരാളിയായി ആര് എത്തിയാലും കപ്പ് ഫ്രാൻസ് തന്നെ കൊണ്ടുപോകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് കോളനിവാഴ്ചയുടെ ഗതകാലസ്മരണകൾ ഇപ്പോഴും മാഹിയുടെ മനസ്സിൽ അവശേഷിക്കുന്നതാണ് ഫ്രാൻസ് ടീമിനോടുള്ള അഭിനിവേശത്തിന് ശക്തിപകരുന്നത്. അതുകൊണ്ടുതന്നെ അവർ കാത്തിരിക്കുകയാണ്, ആ നിമിഷത്തിനായി... റഷ്യയുടെ മണ്ണിൽ ഫ്രഞ്ച് ടീം കപ്പുയർത്തുന്നത് കാണാൻ. ....................... മട്ടന്നൂർ സുരേന്ദ്രൻ
Loading...
COMMENTS