കണ്ണൂർ കോർപറേഷൻ യോഗം: തദ്ദേശസ്ഥാപനങ്ങൾക്കുള്ള സർക്കാർ ഫണ്ട്​ വെട്ടിക്കുറച്ചതിൽ പ്രതിഷേധം

05:02 AM
01/10/2019
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു സര്‍ക്കാറില്‍നിന്നു ലഭിക്കേണ്ട തുക വെട്ടിക്കുറക്കുന്നത് പദ്ധതി നിര്‍വഹണത്തിനു തടസ്സമാകുന്നതായി ആക്ഷേപം. ഇതേ ചൊല്ലി കോർപറേഷൻ യോഗത്തിൽ യു.ഡി.എഫ് -എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നു. നിലവില്‍ ആവശ്യത്തിനുള്ള ഫണ്ട് സര്‍ക്കാറില്‍നിന്നു ലഭിക്കുന്നില്ലെന്നു പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനനും സി. സമീറും സർക്കാറിനെതിരെ പരാതി ഉന്നയിച്ചതാണ് യോഗത്തിൽ ബഹളത്തിന് ഇടയാക്കിയത്. പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ടു നടന്ന ചർച്ചക്കിടെയാണ് ബഹളമുണ്ടായത്. ടി.ഒ. മോഹനന്‍ രാഷ്ടീയം പറഞ്ഞു അപമാനിക്കുന്നതായി ആരോപിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍ എൻ. ബാലകൃഷ്ണനും ടി. രവീന്ദ്രനും രംഗത്തുവന്നു. പിന്നീട് മറ്റ് കൗൺസിലർമാർ ഏറ്റുപിടിക്കുകയായിരുന്നു. ഫണ്ട് വെട്ടിക്കുറച്ചത് പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിക്കുകയാണെന്നും പലതും പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണകാര്യത്തില്‍ സോണലുകളിലെ എൻജിനീയറിങ് വിഭാഗങ്ങളിലടക്കമുള്ള ഉദ്യോഗസ്ഥര്‍ ഫയലുകള്‍ കൃത്യമായി പൊതുമരാമത്ത് കമ്മിറ്റിക്കു ലഭ്യമാക്കുന്നില്ലെന്നും ടി.ഒ. മോഹനന്‍ പറഞ്ഞു. സര്‍ക്കാർ ഫണ്ട് വെട്ടിക്കുറക്കുന്നതിനു പുറമെ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതും പദ്ധതി നിര്‍വഹണത്തെ ബാധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. വാഗ്വാദത്തിനൊടുവില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ പദ്ധതി ഭേദഗതി അംഗീകരിച്ചു. കോര്‍പറേഷൻെറ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്ള ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവിലുള്ള പദ്ധതികളിൽ മാലിന്യ സംസ്‌കരണ പ്ലാൻറിന് ഭൂമി വാങ്ങല്‍, റോഡ് റീടാറിങ്ങും കോണ്‍ക്രീറ്റിങ്ങും, വനിത ഹോസ്റ്റലിന് സ്ഥലമെടുപ്പ് തുടങ്ങി പത്തു പദ്ധതികളാണ് തിങ്കളാഴ്ച നടന്ന അടിയന്തര യോഗത്തില്‍ ഒഴിവാക്കിയത്. അതോടൊപ്പം ഉന്നത പഠനം നടത്തുന്ന പട്ടികജാതിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കല്‍, വിദേശത്തു പോകുന്നവര്‍ക്ക് ധനസഹായം, രോഗ ബാധിത തെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ നടല്‍, ഓവുചാല്‍ നിര്‍മാണം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍, വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കല്‍, തെരുവ് വിളക്ക് ലൈന്‍ വലിക്കല്‍, തെരുവ് വിളക്ക് വാങ്ങല്‍, യോഗ, നീന്തല്‍, ഫുട്‌ബാള്‍ പരിശീലനം, ഒറ്റത്തവണ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പദ്ധതികളാണ് പുതുതായി ഉള്‍ക്കൊള്ളിച്ച പദ്ധതികള്‍. മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സി. എറമുല്ലാൻ, പ്രകാശന്‍, രഞ്ജിത്ത് താളിക്കാവ്, പ്രമോദ്, കെ.പി. സജിത്ത് എന്നിവര്‍ സംസാരിച്ചു.
Loading...