കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം ഉദ്ഘാടനം നാളെ

05:03 AM
18/05/2019
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയത്തിൻെറ നവീകരിച്ച കെട്ടിടം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1953 േമയ് ഒന്നിനാണ് ഗ്രന്ഥാലയം പ്രവർത്തനം തുടങ്ങിയത്. 30 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയത്. എ ഗ്രേഡ് ഗ്രന്ഥാലമായ വിദ്യാപോഷിണി തളിപ്പറമ്പ് താലൂക്ക് റഫറൻസ് ലൈബ്രറിയായും ഉപയോഗിക്കുന്നുണ്ട്. 12,000ത്തിലധികം പുസ്തകങ്ങളും പ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്. ഹൈടെക് ലൈബ്രറികൂടിയായ വിദ്യാപോഷിണിയിൽ ഇൻറർനെറ്റ്-റഫറൻസ് സൗകര്യങ്ങളുമുണ്ട്. വനിത-വയോജന പുസ്തകവിതരണ പദ്ധതി, ബാലവേദി, ഇ-വിജ്ഞാന കേന്ദ്രം, പി.എസ്.സി പരീക്ഷ പരിശീലനം, ജീവിതശൈലീ രോഗങ്ങൾ, സംവാദങ്ങൾ തുടങ്ങിയവ ഗ്രന്ഥാലയം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. വൃക്കദാനത്തിലൂടെ മാതൃകയായ വിദ്യാപോഷിണി ഗ്രന്ഥാലയം ജോയൻറ് സെക്രട്ടറി ഒ.പി. നാരായണനെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ ടി. സഹദേവൻ, കൺവീനർ ടി.വി. ജയകൃഷ്ണൻ, ആർ. ഗോപാലൻ, കെ.വി. ജയരാജൻ, ഐ. ദാമോദരൻ എന്നിവർ പങ്കെടുത്തു.
Loading...
COMMENTS