മാക്കൂട്ടം ചുരം റോഡ് വഴി ബസുകൾക്കുള്ള രാത്രിയാത്ര നിരോധനം നീക്കി

05:05 AM
06/12/2018
ഇരിട്ടി: ഇരിട്ടി-വീരാജ്പേട്ട അന്തർസംസ്ഥാനപാതയിൽ മാക്കൂട്ടം ചുരത്തിൽ ബസുകൾക്ക് രാത്രിയാത്രക്ക് ഏർപ്പെടുത്തിയ നിരോധനം കുടക് ജില്ല ഭരണകൂടം പിൻവലിച്ചു. മാക്കൂട്ടം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചുരംപാത തകർന്ന് അപകടഭീഷണിയിലായതിനെ തുടർന്നാണ് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്. ആറു മാസമായി നിരോധനം തുടരുകയായിരുന്നു. നേരത്തെ മൂന്നു മാസത്തോളം പൂർണമായും ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി ചെറിയവാഹനങ്ങൾക്ക് തുറന്നുകൊടുത്തെങ്കിലും ബസുകൾക്കും വലിയ വാഹനങ്ങൾക്കുമുള്ള നിരോധനം നീക്കിയിരുന്നില്ല. ഇതുമൂലം യാത്രാപ്രതിസന്ധി രൂക്ഷമായി. കണ്ണൂർ വിമാനത്താവളം ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ അന്തർസംസ്ഥാനപാതയിൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനം നീങ്ങിയത് വിമാനയാത്രക്കാർക്ക് ഏറെ ആശ്വാസമായി. ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങൾക്കുള്ള നിരോധനം തുടരുമെന്ന് കുടക് അസിസ്റ്റൻറ് കമീഷണർ ശ്രീവിദ്യ പറഞ്ഞു.
Loading...
COMMENTS