അഞ്ചരക്കണ്ടി പുഴയുടെ അഴകറിഞ്ഞ് ബോട്ട് യാത്ര

05:41 AM
04/03/2018
കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ 'അഴുക്കിൽനിന്ന് അഴകിലേക്ക്' പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി പുഴയെ അറിയാൻ കുഞ്ഞിപ്പുഴയിൽനിന്ന് മമ്മാക്കുന്നുവരെ ഏഴു കിലോമീറ്റർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവരടങ്ങുന്ന സംഘം ബോട്ട് യാത്ര നടത്തി. അറവുമാലിന്യം തള്ളാനുള്ള ഇടമല്ല പുഴകൾ, നമ്മുടെ പുഴ നമ്മുടെ ജീവനാണ്, കേരളത്തിലെ പുഴകൾ മരിക്കുന്നു തുടങ്ങിയ സന്ദേശങ്ങളെഴുതിയ പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു അഞ്ചരക്കണ്ടി പുഴ സമ്മേളനത്തി​െൻറ ഭാഗമായുള്ള യാത്ര. പുഴയിലെ മാലിന്യംതള്ളൽ, മലിനീകരണം എന്നിവ അറിയാൻവേണ്ടി നടത്തിയ യാത്രയിൽ താരതമ്യേന മലിനമാക്കപ്പെടാത്ത നദിയുടെ കാഴ്ചകൾ ആഹ്ലാദംപകർന്നതായി പ്രസിഡൻറ് പറഞ്ഞു. അഞ്ചു വലിയ ബോട്ടുകളിലായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നൂറോളം പേർ പുഴയിലും വിദ്യാർഥികളും നാട്ടുകാരുമടങ്ങുന്ന സംഘം സമാന്തരമായി കരയിലൂടെയും യാത്ര നടത്തി. തുടർന്ന്, മമ്മാക്കുന്നിൽ നടന്ന അഞ്ചരക്കണ്ടി പുഴ സമ്മേളനം കവി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ജയബാലൻ, കെ. ശോഭ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് എന്നിവർ സംസാരിച്ചു. ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ അബ്ദുസ്സമദ് പദ്ധതി വിശദീകരിച്ചു.
Loading...
COMMENTS