വെളിയമ്പ്ര മേഖലയില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

05:38 AM
10/08/2018
മട്ടന്നൂര്‍: ആറളം വനത്തില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് പഴശ്ശി ഡാമിനോട് ചേര്‍ന്ന വെളിയമ്പ്ര മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. വി. അലി, എം. ഇബ്രാഹിം, കെ. കുഞ്ഞാലിക്കുട്ടി, വി.എം. ഖാസിം, ടി. ഹാഷിം തുടങ്ങിയവരുടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇവരെ ബന്ധുവീടുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. കെ.വി. അബ്ദുറഹ്മാന്‍, വി. ഇബ്രാഹിം, കെ. ചന്ദ്രന്‍ എന്നിവരുടെ വീടിനകത്തും വെള്ളമെത്തി. കൊട്ടാരത്തില്‍നിന്ന് പെരിയത്തിലേക്ക് പോകുന്ന റോഡ് പൂർണമായും വെള്ളത്തിലായി. ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. മണ്ണൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മട്ടന്നൂര്‍- മണ്ണൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. ഇരിക്കൂറിലേക്കുള്ള ബസുകൾ വെള്ളിയാംപറമ്പുവഴി തിരിച്ചുവിട്ടു. മണ്ണൂരില്‍ 10 വീടുകള്‍ ദുരിതത്തിലായി. മണ്ണൂര്‍, മിച്ചഭൂമി പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മണ്ണൂരിലെ കെ.പി. മൊയ്തീന്‍, കെ.വി. നാരായണന്‍, ടി. ഉത്തമന്‍, കെ. ചന്ദ്രിക, ചോലത്തോട് മിച്ചഭൂമി പ്രദേശത്തെ യശോദ, സുകുമാരന്‍, എം. ബാലന്‍, യു.കെ. സുമ, കെ. ഗോവിന്ദന്‍, പി. നബീസു എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. യശോദയുടെ വീട് ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീട്ടുകാരെ അടുത്തുള്ള ബന്ധുവീടുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിത സ്ഥലം നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കോളാരി വില്ലേജ് ഓഫിസര്‍ സുമയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മാര്‍ഗനിർദേശം നല്‍കി. മാറിത്താമസിക്കുന്നവര്‍ക്ക് താല്‍ക്കാലികാശ്വാസമായി അരി നൽകി.
Loading...
COMMENTS