ഫിഷറീസ്​ മന്ത്രിയെ കാത്ത്​ അജാനൂരിലെ തീരദേശവാസികൾ

05:31 AM
13/10/2017
കാഞ്ഞങ്ങാട്: ജില്ലയിലെത്തുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ കാത്തിരിക്കുകയാണ് അജാനൂർ കടപ്പുറത്തെ നിവാസികൾ. കലക്ടറും േഹാസ്ദുർഗ് തഹസിൽദാറും ഹാർബർ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥരും അജാനൂർ പഞ്ചായത്തധികൃതരും കൈവിട്ട പുഴയെടുക്കുന്ന അജാനൂർ കടപ്പുറം മീൻപിടിത്തകേന്ദ്രം നാട്ടുകാരുടെ ശ്രമദാനത്തിലൂടെ താൽക്കാലിക ബണ്ടുകെട്ടി സംരക്ഷിച്ചിരിക്കുകയാണ്. കെട്ടിയ ബണ്ടിന് െചലവായ തുക സർക്കാർ ഖജനാവിൽനിന്ന് തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനായി ഇന്ന് ജില്ലയിലെത്തുന്ന മന്ത്രിയെ കാണാൻ കാത്തിരിക്കുകയാണിവർ. 12,000 ചാക്കുകളാണ് തടയണ നിർമിക്കുന്നതിന് ഉപയോഗിച്ചത്. ഇരുനൂറോളം കുടുംബശ്രീ പ്രവർത്തകരും മുന്നൂറ്റമ്പതോളം നാട്ടുകാരും ബുധനാഴ്ച രാവിലെ മുതൽ ബണ്ടുനിർമാണത്തിൽ ഏർപ്പെട്ടു. വ്യാഴാഴ്ച വൈകീേട്ടാടെയാണ് പൂർത്തിയായത്. 40 മീറ്ററുണ്ടായിരുന്ന കര മഴക്കാലത്ത് പുഴ ഗതിമാറി ഒഴുകി നാലു മീറ്ററായി. പലതവണ നാട്ടുകാർ വിവിധ വകുപ്പുകൾക്കും പഞ്ചായത്ത് അധികൃതർക്കും ബണ്ടുകെട്ടാൻ നിവേദനം നൽകി. ഉദ്യോഗസ്ഥർ ഫണ്ടില്ലെന്ന് പറഞ്ഞ് അവഗണിച്ചു. ചിത്താരി പുഴയുടെയും കടലി​െൻറയും തീരങ്ങളിൽ താമസിക്കുന്ന വീട്ടുകാരും വാർഡിലെ ജനങ്ങളും ബണ്ടുകെട്ടാൻ രംഗത്തിറങ്ങി. ചില കരാറുകാരും ഇവരോടൊപ്പം ചേർന്നു. വീടുകളിലെ സ്ത്രീകൾ പച്ചോലമെടഞ്ഞ് തടയണ ഉണ്ടാക്കി. പുരുഷന്മാർ താലൂക്ക് മുഴുവൻ നടന്ന് മുളക്കമ്പുകളും എത്തിച്ചു. അവസാനം ആരുടെയും സഹായമില്ലാതെ തടയണ യാഥാർഥ്യമായി. മുമ്പ് റവന്യൂ ഉദ്യോഗസ്ഥരും േഹാസ്ദുർഗ് തഹസിൽദാറും സന്ദർശിച്ചപ്പോൾ അഴിമുഖത്ത് കരിങ്കല്ലിട്ട് ഭദ്രമാക്കണമെന്നായിരുന്നു അറിയിച്ചത്. ഇതിന് മൂന്നരലക്ഷം രൂപയോളം െചലവ് വരുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
COMMENTS