കാസർകോട്​ സ്വദേശിയെ തലക്കടിച്ചുകൊന്ന്​ കിണറ്റിൽ തള്ളിയ കേസ്​: സ്​പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

05:32 AM
15/11/2017
കാസർകോട്: പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കാസർകോട് സ്വദേശിയെ ഉപ്പള ബായാറിൽ തലക്കടിച്ചുകൊന്ന് കിണറ്റിൽ തള്ളിയ കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കാസർകോട് തളങ്കര കടവത്ത് സ്വദേശി മന്‍സൂര്‍ അലിയെ(45) കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി.കെ. ശ്രീധരനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മന്‍സൂര്‍ അലിയുടെ ഭാര്യ റസീന നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അഡീ.സെക്രട്ടറി വി. വിലാസചന്ദ്രന്‍ നായര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി 25ന് വൈകീട്ടാണ് മന്‍സൂര്‍ അലിയെ ബായാറിൽ റോഡരികിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ഉച്ച 12.55ന് ബായാറില്‍ ബസിറങ്ങിയ മൻസൂർ അലിയെ ഓമ്നി വാനിൽ കയറ്റിക്കൊണ്ടുപോയി മുഖത്ത് മുളക്പൊടി വിതറിയശേഷം വാഹനത്തി​െൻറ സ്പ്രിങ്ലീഫ് പ്ലേറ്റുകൊണ്ട് തലക്കടിക്കുകയായിരുന്നു. വാനില്‍നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ വീണ്ടും തലക്കടിച്ച് വീഴ്ത്തി. രക്തംവാര്‍ന്ന് മരിച്ച മന്‍സൂറിനെ നൂറുമീറ്റര്‍ താഴെ റോഡരികിലെ പൊട്ടക്കിണറ്റില്‍ തള്ളിയശേഷം മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര ലക്ഷംരൂപ അടങ്ങിയ ബാഗ് കൈക്കലാക്കി പ്രതികൾ സ്ഥലം വിടുകയായിരുന്നു. ബായാറില്‍ താമസിക്കുന്ന അണ്ണന്‍ എന്ന് വിളിക്കുന്ന അഷ്റഫ് എന്ന മാരിമുത്തു (42), കര്‍ണാടക ബണ്ട്വാൾ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാം (30), കർണാടക ഹാസൻ ശ്രീരാംപുര ദൊഡ്ഡമനെയിലെ രംഗണ്ണ (55) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കൊല നടക്കുന്നതിന് രണ്ടുദിവസം മുമ്പ് മന്‍സൂർ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയപ്പോഴാണ് ഇയാളുടെ കൈവശം അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് അഷ്റഫും സലാമും മനസ്സിലാക്കിയത്. ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ദുർമന്ത്രവാദിയായ രംഗണ്ണയെ കേസില്‍ പ്രതിചേര്‍ത്തത്, കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പൊലീസിനെ അറിയിക്കാത്തതിനാലാണ്. കുമ്പള സി.ഐ വി.വി. മനോജി​െൻറ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. 2017 ഏപ്രില്‍ 19ന് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 74 സാക്ഷികളാണ് കേസിലുള്ളത്.
COMMENTS