Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:49 AM GMT Updated On
date_range 2017-06-15T14:19:53+05:30റമദാൻ വിശേഷം പള്ളികളിൽ ഇനി രാവുകൾ പൂക്കും
text_fieldsപഴയങ്ങാടി: വ്രതവിശുദ്ധിയുടെ നിറവിൽ ആയിരം മാസെത്തക്കാൾ പുണ്യമുള്ള രാവിനെ പ്രതീക്ഷിച്ചിരിക്കുന്നവരാൽ ഇനി പള്ളികൾ നിദ്രവെടിയും. അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ പള്ളികൾ ഇനി ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവരുടെയും രാപ്പാർക്കുന്നവരുടെയും കേന്ദ്രങ്ങളാകും. ഇതിനായി പള്ളികളെല്ലാം പ്രത്യേകം സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒാരോ പട്ടണത്തിലെയും ഗ്രാമത്തിലെയും പള്ളികൾ രാത്രികളിൽ കൂടുതൽ സജീവമാവുകയാണ്. ആയിരം മാസത്തെക്കാൾ പുണ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ലൈലത്തുൽ ഖദ്റി' നെയാണ് ഇനി വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. അവസാന പത്തിെൻറ ഒറ്റ രാവിലോ മറ്റേത് ദിവസമോ ആഗതമാവാനിരിക്കുന്ന രാവിെൻറ പുണ്യത്തിനായി ആളുകൾ പള്ളികളിൽ രാവും പകലും ഭജനമിരിക്കുന്നു. റമദാനിലെ അവസാന പത്തിൽ പള്ളികളിൽ കൂടുതൽ സമയം ഖുർആൻ പാരായണത്തിനും വിശ്വാസികൾ കണ്ടെത്തുന്നു. ഖുർആൻ ഒരാവർത്തി വായിച്ചുതീർക്കാൻ നിശ്ചയിച്ചവർ അത് സാധിച്ചെടുക്കാനും സദാസമയം ഗ്രന്ഥത്തിന് മുന്നിലായിരിക്കും. കടൽകടന്നുവന്ന ഇസ്ലാമിക പ്രബോധകരുടെ ഗതകാല ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ പഴയങ്ങാടി മാടായിപ്പള്ളിയിൽ വിദൂരസ്ഥലങ്ങളിൽനിന്നടക്കം വിശ്വാസികൾ രാപ്പാർക്കാനെത്താറുണ്ട്. പള്ളിയിൽതന്നെ അത്താഴത്തിനുള്ള സൗകര്യവും ചിലയിടത്ത് ഒരുക്കുന്നുണ്ട്. പുലർച്ചെ മൂന്നിനും നാലിനുമിടയിൽ രാത്രിനമസ്കാരവും ദീർഘപ്രാർഥനയും കൊണ്ടാണ് ഒാരോ രാവും ഇനി അവസാനിക്കുക. ഒഴിച്ചുകൂടാൻപറ്റാത്ത കാര്യങ്ങൾക്ക് മാത്രമാണ് ഇഅ്ത്തികാഫിനിരുന്നവർ പള്ളിയിൽനിന്ന് പുറത്തിറങ്ങുന്നത്. റമദാൻ 29നോ 30നോ ആയിരിക്കും ഇഅ്ത്തിക്കാഫിനിരുന്നവർ പള്ളികളിൽ നിന്നിറങ്ങുന്നത്.
Next Story