Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:23 AM GMT Updated On
date_range 2017-07-11T13:53:07+05:30പരിഹാരമാകാതെ മാഹി ബൈപാസ് സ്ഥലമേറ്റെടുപ്പ്: അഴിയൂരിൽ വിലനിർണയം ഹൈവേ അതോറിറ്റി തള്ളി
text_fieldsമാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിനായി അഴിയൂര്ഭാഗത്ത് കുടിയൊഴിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാൻ റവന്യൂവകുപ്പ് തയാറാക്കിയ ഭൂമിവില സംബന്ധിച്ച ഫയല്‍ ഹൈേവ അതോറിറ്റി തള്ളി. ഇതോടെ ഭൂവുടമകളുടെ നഷ്ടപരിഹാരത്തുക ലഭിക്കല്‍ വീണ്ടും അനിശ്ചിതത്വത്തിലായി. മാസങ്ങളോളം നീണ്ടുനിന്ന കഠിനപ്രയത്നത്തിന് ശേഷമാണ് അടിസ്ഥാന നഷ്ടപരിഹാരം സംബന്ധിച്ച് ഫയല്‍ തയാറാക്കി സ്പെഷല്‍ തഹസില്‍ദാര്‍ എൽ.എ ലാന്‍ഡ് അക്വിസിഷന്‍ ജില്ല ഓഫിസിലേക്ക് അയച്ചത്. റവന്യൂ അധികൃതര്‍ തയാറാക്കിയ വിലയുടെ പകുതി മാത്രമേ നല്കാന് കഴിയൂ എന്ന നിലപാടില്‍ ഹൈവേ അതോറിറ്റി ഉറച്ചുനിന്നതോടെ നഷ്ടപരിഹാരം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി. വില അംഗീകരിക്കുമെന്ന പ്രതീക്ഷയോടെ ഭൂവുടമകളെ എൽ.എ ഓഫിസിലേക്ക് വിളിച്ചുവരുത്തി നഷ്ടപരിഹാരത്തുക സംബന്ധിച്ച് പ്രാഥമിക വില അറിയിച്ചിരുന്നു. എന്നാൽ, അതുപോലും കുടിയൊഴിപ്പിക്കുന്നവര്‍ക്ക് നൽകാൻ കഴിയാതെ തുകയില്‍വന്ന ഇടിവ് വന്‍ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. റവന്യൂവകുപ്പ് തയാറാക്കിയ നഷ്ടപരിഹാരം കുറവാണെന്ന് ആരോപിച്ച് ഭൂവുടമകള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വടകര എൽ.എ ഓഫിസ് നടപടി തുടങ്ങിയതിനിടയിലാണ് നേരേത്ത പറഞ്ഞ വിലപോലും കിട്ടാത്ത സാഹചര്യം വന്നത്. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ബൈപാസ്. ജില്ലയിലെ ചൊക്ലി മേഖലയില്‍ ബൈപാസിനായി ഏറ്റെടുത്ത ഭൂമിയില്‍ നഷ്ടപരിഹാരത്തുക നല്കിയ അതേ മാനദണ്ഡപ്രകാരമാണ് അഴിയൂരിലും നഷ്ടപരിഹാരം നല്കാന് നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചത്. ചൊക്ലിയില്‍ പണം വിതരണം നടന്നുവെങ്കിലും ഇത് മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ച് തുക തിരിച്ചുവാങ്ങണമെന്ന നിലപാടാണ് ഹൈവേ അതോറിറ്റിയുടേതെന്ന് സൂചനയുണ്ട്. ഇത്തരം നീക്കങ്ങള്‍ ബൈപാസ് നിർമാണം വൈകിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് കോഴിക്കോട് ജില്ല ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചിരിക്കുകയാണ്. അഴിയൂര്‍ മുതല്‍ കക്കടവ് വരെ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ മേഖലയില്‍ ബൈപാസിനുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നൂറോളം കുടുംബങ്ങള്‍ ഇതുസംബന്ധിച്ച മുഴുവൻ രേഖകളും സമര്‍പ്പിച്ച് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. പലരും ഈ തുക ലഭിച്ചാല്‍ അതുപയോഗപ്പെടുത്തി വീടും മറ്റും നിർമിക്കാനുള്ള കാത്തിരിപ്പിലുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയരുകയാണ്. മുഴപ്പിലങ്ങാട്-മാഹി ബൈപാസിെൻറ ഭാഗമായ മാഹി മേഖലയിലെ വിലനിർണയ തര്‍ക്കം പുതുച്ചേരി കോടതിയിലാണ്. നാല് പതിറ്റാണ്ട് കാലമായി മാഹിയിലെ 220ഓളം ഭൂവുടമകൾ നഷ്ടപരിഹാരത്തുക ലഭിക്കാനായി കാത്തിരിക്കുകയാണ്. ഹൈേവ അതോറിറ്റിയുടെ പിടിവാശിയാണിവിടെയും പ്രശ്നപരിഹാരത്തിന് തടസ്സമെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇടപെട്ടിട്ടും ദേശീയപാത വിഭാഗം വഴങ്ങിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ജൂലൈ 18ന് മാഹിയിലെ ബൈപാസ് കർമസമിതി ഭാരവാഹികളും ഡോ. വി. രാമചന്ദ്രൻ എം.എൽ.എയും പുതുച്ചേരി എം.പി ആർ. രാധാകൃഷ്ണനും കേന്ദ്രമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
Next Story