സൂനാമിയിൽപെട്ട മത്സ്യത്തൊഴിലാളിയുടെ തിരോധാനം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

05:32 AM
07/12/2017
കാസർകോട്: സൂനാമിയിൽപെട്ടു കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 13 വർഷം കഴിഞ്ഞിട്ടും മരണാനന്തര ആനുകൂല്യങ്ങളോ മരണം സ്ഥിരീകരിക്കുന്ന രേഖകളോ നൽകാതെ അവഗണിച്ച വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. സഹായങ്ങൾ നിഷേധിച്ചതു സംബന്ധിച്ച് ജില്ല കലക്ടർ, ഫിഷറീസ് ഡയറക്ടർ എന്നിവർ വിശദീകരണം നൽകണമെന്നും മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. 2004 ഡിസംബർ 27ന് കീഴൂർ ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖത്തിനു സമീപത്തുനിന്ന് സൂനാമിത്തിരമാലയിൽപെട്ട് കാണാതായ ബേക്കൽ കടപ്പുറത്തെ മത്സ്യത്തൊഴിലാളി കൂനി കൂട്ടക്കാർ വീട്ടിൽ ബാല​െൻറ കുടുംബത്തിനാണ് മരണസർട്ടിഫിക്കറ്റും മരണാനന്തര ആനുകൂല്യങ്ങളും നിഷേധിച്ചത്. ഇതുസംബന്ധിച്ച് ഡിസംബർ അഞ്ചിന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷ​െൻറ ഇടപെടലുണ്ടായത്. മൃതദേഹം കണ്ടെത്താനായില്ലെന്നതാണ് അധികൃതർ കാരണമായി പറയുന്നത്. സൂനാമി ദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള തുക ലഭിച്ചെങ്കിലും മരണം സ്ഥിരീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്തതിനാൽ ബാല​െൻറ ഭാര്യക്ക് വിധവ പെൻഷനോ ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ച ലക്ഷം രൂപയുടെ ധനസഹായമോ കിട്ടിയില്ല. ഭൂമിയും വീടുമില്ലാതെ ഏഴ് അവകാശികളുള്ള കുടുംബവീട്ടിലാണ് താമസിക്കുന്നത്. സൂനാമി മുന്നറിയിപ്പിനെ തുടർന്ന് ചന്ദ്രഗിരിപ്പുഴയിൽ നങ്കൂരമിട്ടിരുന്ന ബോട്ട് തിരമാലകളിൽപെട്ട് ഒഴുകിപ്പോയപ്പോൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ബാലൻ ഒഴുക്കിൽപെട്ടത്. ഒരാഴ്ചക്കാലം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.
COMMENTS