കടലി​െൻറ മാറ്റം കാറ്റിൽ കണ്ടു; 500 തൊഴിലാളികൾ കരയിലേക്ക്​ മടങ്ങി രക്ഷനേടി

05:32 AM
07/12/2017
രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കാറ്റി​െൻറ ഗതിനോക്കി അപകടം മനസ്സിലാക്കി തോണികളും ബോട്ടുകളും കരയിലേക്ക് പായിച്ച് ഒാഖി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട അഞ്ഞൂറോളം പേർ കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്തുണ്ട്. 40 ചെറുതോണികളിലും 50ഒാളം തോണികളിലും 35 ബോട്ടുകളിലുമായി പുറപ്പെട്ട കടപ്പുറം സായിനഗറിലെ തൊഴിലാളികളാണ് ദുരന്തം മുൻകൂട്ടിയറിഞ്ഞ് രക്ഷപ്പെട്ടത്. 29ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഇവർ പുറപ്പെട്ടത്. കുണ്ടുകാരൻ എന്ന തോണിയിലെ തൊഴിലാളികൾ 'മാധ്യമ'ത്തോട് പറഞ്ഞതിങ്ങനെ: ഒമ്പതുമണിയോടെ പുറംകടലിലെത്തി. ബോട്ടുകൾ അഞ്ചുകിലോമീറ്റർ ദൂരെയും തോണികൾ 15 കിലോമീറ്റർ ദൂരെയും എത്തിയപ്പോഴേക്കും കടലിന് പതിവില്ലാത്ത മാറ്റം കണ്ടുതുടങ്ങി. പത്തടി ഉയരത്തിൽ തിരമാലകൾ ഉയർന്നടിക്കാൻ തുടങ്ങി. തോണികളും ബോട്ടുകളും ഉയർന്നുപൊങ്ങി. കടലി​െൻറ പ്രക്ഷുബ്ധാവസ്ഥക്ക് തുടക്കമിട്ടതായിരുന്നു അത്. അപകടം മണത്തറിഞ്ഞ് ഞങ്ങൾ അന്നത്തെ മീൻപിടിത്തം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സാധാരണ കാറ്റ് വരുന്നത് വടക്കുനിന്നാണ്. എന്നാൽ, പെെട്ടന്നാണ് കാറ്റ് തെക്കുനിന്ന് വീശിയതെന്ന് തൊഴിലാളികൾ പറഞ്ഞു. അങ്ങനെവന്നാൽ ന്യൂനമർദമാണ്. അത് അപകടമാണ്. ഇൗ ന്യൂനമർദം മുൻകൂട്ടി അറിയിക്കാത്തതാണ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടാൻ കാരണം. കടലിൽ അന്നന്ന് പോയി മീൻപിടിച്ച് വരുന്നവരാണ് കാസർകോട്ടുള്ളത്. തിരുവിതാംകൂർ ഭാഗത്ത് കടലിൽ തങ്ങുന്നവരാണ് ഏറെയും. അവർ അപകടത്തിൽപെടാനുള്ള കാരണവും അതാണ്. ഇതിനിടയിൽ കരയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനും തുടങ്ങിയിരുന്നു. കുണ്ടുകാരൻ തോണിയിൽ സായിനഗർ സ്വദേശികളായ വിനോദൻ, ജയരാമൻ, സുരേശൻ, ശ്രീനി, രതീഷ്, മജീഷ്, ഋതേഷ്, ബബീഷ്, രാജേഷ് എന്നിവരാണുണ്ടായിരുന്നത്. അഞ്ചുവർഷം മുമ്പ് ഇവർക്കുണ്ടായ അനുഭവം കാരണമാണ് കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പ് ഇല്ലാതെ തന്നെ കടൽക്ഷോഭം തിരിച്ചറിയാനായത്. അന്ന് കടലിലെത്തിയ ഇവർ പെെട്ടന്നായിരുന്നു തെക്കൻ കാറ്റി​െൻറ പിടിയിൽപെട്ടത്. ഇവർ സഞ്ചരിച്ച കുണ്ടുകാരൻ തോണി മറിഞ്ഞു. എൻജിൻ മിന്നലേറ്റ് തകർന്നു. തോണിയിൽ പിടിച്ച് കടലിൽ കിടന്ന ഇവരെ മറ്റൊരു ബോെട്ടത്തിയാണ് രക്ഷപ്പെടുത്തിയത്. എല്ലാവരെയും കരക്കെത്തിച്ച് ആശുപത്രിയിലാക്കി. ഇത്തവണയും തോണിയുടെ എൻജിൻ തകർന്ന് 40,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അത് അറ്റകുറ്റപ്പണി നടത്തി ഇന്ന് (വ്യാഴാഴ്ച) കടലിലിറക്കാനാണ് തീരുമാനം. ഒരാഴ്ചയായി പണിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും കുണ്ടുകാരൻ തോണിക്കാരിലെ മജീഷ് പറഞ്ഞു.
COMMENTS