Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:35 AM GMT Updated On
date_range 2017-08-15T14:05:58+05:30കരിവെള്ളൂർ സഹകരണ സൊസൈറ്റി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും
text_fieldsപയ്യന്നൂർ: കരിവെള്ളൂർ ടൗണിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ് സൊസൈറ്റിയിൽ മൂന്നു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്ന സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും. ഇതിെൻറ ഭാഗമായി തട്ടിപ്പിെൻറ വിശദ റിപ്പോർട്ട് കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദ് കണ്ണൂർ ജില്ല പൊലീസ് സൂപ്രണ്ട് ശിവ വിക്രമിന് കൈമാറി. വൻ സംഖ്യയുടെ തട്ടിപ്പു നടന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. സംസ്ഥാനതല അന്വേഷണം ആവശ്യമെങ്കിൽ എസ്.പി റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറും. ജില്ലതല അന്വേഷണത്തിനാണെങ്കിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നിർദേശം നൽകും. സെക്രട്ടറി കെ.വി. പ്രദീപൻ ഉൾപ്പെട്ട മൂന്നംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. പൊലീസ് ചില ഇടപാടുകാരെ ചോദ്യം ചെയ്തപ്പോൾ അവരറിയാതെ വായ്പയെടുത്തതായി കണ്ടെത്തി. 80000 രൂപക്ക് പണ്ടം പണയം വെച്ച ഓട്ടോ ഡ്രൈവർ ഇത് തിരിച്ചെടുത്തുവെങ്കിലും ഇയാളുടെ പേരിൽ 15 ലക്ഷത്തിെൻറ വായ്പയുള്ളതായി കണ്ടെത്തി. മറ്റൊരാളുടെ പേരിൽ 1.21 ലക്ഷത്തിെൻറ സ്വർണ പണയമുണ്ട്. ഇത് മാറ്റി മുക്കുപണ്ടം വെച്ച നിലയിലും കണ്ടു. ഇത്തരം കേസുകളുടെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും. 90ഓളം ആളുകളുടെ പേരിൽ 3.15 കോടി രൂപ വായ്പ നൽകിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നുകോടിയിലധികം വരുന്ന സാമ്പത്തിക തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. അതേസമയം, സൊസൈറ്റി സെക്രട്ടറിക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. സെക്രട്ടറി കരിവെള്ളൂർ തെരുവിലെ കെ.വി. പ്രദീപെൻറ പേരിലാണ് കേസെടുത്തത്. പ്രദീപനു പുറമെ മറ്റ് രണ്ടുപേർക്കു കൂടി തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. പ്രദീപൻ ഇപ്പോൾ ഒളിവിലാണ്. കേസന്വേഷണം നടത്തുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദ് ഞായറാഴ്ച സ്ഥാപനത്തിലും പ്രദീപെൻറ ഉൾപ്പെടെ കരിവെള്ളൂരിലെ ചില വീടുകളിലുമെത്തി തെളിവെടുത്തു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സൊസൈറ്റിയിൽ ഭീമമായ തുകയുടെ വെട്ടിപ്പ് കണ്ടെത്തിയത്. സംഘത്തിൽ 2,98,49,090 രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്. സൊസൈറ്റി പ്രസിഡൻറ് ഗിരീശൻ മാസ്റ്റർ നൽകിയ പരാതിയിലാണ് പ്രദീപനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്. തിങ്കളാഴ്ച രാത്രി വൈകിയും പയ്യന്നൂർ സി.െഎയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൊസൈറ്റിയിലെത്തി പരിശോധന നടത്തി പണയംവെച്ച രേഖകളും മുക്കുപണ്ടങ്ങളും കസ്റ്റഡിയിലെടുത്തു. പിവൈ. ആർ. കെ.വി.ആർ തട്ടിപ്പ്: കരിവള്ളൂരിലെ തട്ടിപ്പ് നടന്ന സൊസൈറ്റിയിൽ പയ്യന്നൂർ സി.െഎയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തുന്നു
Next Story