Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:21 AM GMT Updated On
date_range 2017-08-15T13:51:00+05:30ജില്ലയിൽ ഹരിതഗ്രാമം പദ്ധതി തുടങ്ങി
text_fieldsകൂത്തുപറമ്പ്: സാമൂഹിക വനവത്കരണത്തിെൻറ ഭാഗമായുള്ള ഹരിത ഗ്രാമം പദ്ധതി ജില്ലയിൽ തുടങ്ങി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളിൽ തണൽമരം െവച്ചുപിടിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂമിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വേണ്ടിയാണ് ഹരിതഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി, മൊടോളി, പൂഴിയോട്, അതിയടത്ത് മേഖലകളിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഗ്രാമ ഹരിത സമിതികൾ രൂപവത്കരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. അതോടൊപ്പം വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും കർഷകരും അടങ്ങുന്ന ഹരിതസേനയും പദ്ധതിക്കായി രൂപവത്കരിച്ചിട്ടുണ്ട്. വനം വകുപ്പിന് കീഴിലുള്ള സാമൂഹിക വനവത്കരണ വിഭാഗമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പും വൈദ്യുതി വകുപ്പും പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഫലവൃക്ഷങ്ങളായ പേര, നെല്ലി, സീതപ്പഴം, പ്ലാവ്, പുളി, വേപ്പ് എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം മുതൽ തൃക്കടാരിപ്പൊയിൽ വരെയുള്ള ആറ് കീലോമീറ്ററോളം ദൂരത്താണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വൃക്ഷത്തൈ നടീൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭ ഉദ്ഘാടനം ചെയ്തു. തൊടീക്കളം ശിവക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ പൊതുമരാമത്ത് എക്സി. എൻജിനീയർ വി. സജീവൻ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് കണ്ണവം റേഞ്ച് ഓഫിസർ രാമചന്ദ്രൻ മുട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. ചന്ദ്രൻ, കെ.കെ. ബീന, പഞ്ചായത്തംഗങ്ങളായ കെ.വി. ശ്രീധരൻ, എൻ. ബീന, ഫോറസ്റ്റർ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
Next Story