Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:42 AM GMT Updated On
date_range 2017-08-12T15:12:00+05:30സർക്കാർ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ച വികലാംഗനായ യുവാവ് കടവരാന്തയിൽ മരിച്ചനിലയിൽ
text_fieldsമഞ്ചേശ്വരം: സർക്കാർ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ച വികലാംഗനായ യുവാവിനെ ഉപ്പളയിലെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഉപ്പളയിലെ കടവരാന്തയില്‍ താമസിക്കുന്ന ബോവിക്കാനം നുസ്രത്ത്നഗർ സ്വദേശി അബ്ദുല്‍ റൗഫാണ് (42) മരിച്ചത്. എട്ടുവര്‍ഷം മുമ്പ് വടകരയില്‍വെച്ച് ട്രെയിനിൽനിന്ന് വീണ് റൗഫിെൻറ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഉപ്പളയിലെ കടവരാന്തയിലാണ് താമസിച്ചിരുന്നത്. കാലുകൾ നഷ്ടമായ ഇയാളെ കുടുംബാംഗങ്ങൾ കൈയൊഴിഞ്ഞതായാണ് ഇയാൾ പറഞ്ഞിരുന്നത്. പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റൗഫിനെ വ്യാഴാഴ്ച രാവിലെ മംഗൽപാടി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരമായപ്പോൾ കിടത്തിചികിത്സ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇയാളെ പറഞ്ഞയക്കുകയായിരുന്നു. കിടത്തിചികിത്സ ഇല്ലെങ്കിൽ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നാണ് നിയമം. എന്നാൽ, ഇയാളെ ആശുപത്രി അധികൃതർ ഡിസ്ചാർജ്ചെയ്യിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു. വൈകുന്നേരത്തോടെ ആശുപത്രിയിൽനിന്ന് പുറത്താക്കിയ ഇയാൾ ഉപ്പളയിലെ കടവരാന്തയിൽതന്നെ കിടക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കടതുറക്കാൻ എത്തിയയാളാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം മംഗൽപാടി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ സ്വദേശമായ ബോവിക്കാനത്തേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ ബോവിക്കാനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ അബ്ദുൽഖാദർ-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയംബി. സഹോദരങ്ങൾ: ജാഫർ, മൊയ്തു, സുനൈഫ്, ഹാരിസ്, സുമയ്യ, സൈഫുന്നിസ.
Next Story