അബൂബക്കറിന്‍െറ ഉമ്മയായി രജിതാ മധു ഗിന്നസ് റെക്കോഡ്സിലേക്ക്

09:15 AM
07/04/2016

കണ്ണൂര്‍: കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച് രജിതാ മധു അവതരിപ്പിക്കുന്ന ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’വെന്ന ഏകാങ്ക നാടകം ഗിന്നസ് റെക്കോഡ്സിലേക്ക്. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിക്കുന്ന ഏകപാത്ര നാടകമെന്ന റെക്കോഡിലേക്കാണ് ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ എന്ന നാടകം എത്തുന്നത്. നാളെ വൈകീട്ട് നെരുവമ്പ്രം യു.പി സ്കൂളില്‍ നടക്കുന്ന നാടകത്തിന്‍െറ 1681ാമത് അവതരണത്തിന് ഗിന്നസ് റെക്കോഡ്സിന്‍െറ ഏഷ്യക്കു വേണ്ടിയുള്ള യൂനിവേഴ്സല്‍ റെക്കോഡ്സ് ഫോറം അധികൃതര്‍ എത്തുമെന്ന് കരിവെള്ളൂര്‍ മുരളിയും രജിതാ മധുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2003 മുതല്‍ അവതരിപ്പിച്ചുവരുന്ന നാടകം രാജ്യത്തിനകത്തും പുറത്തും വിവിധയിടങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കയ്യൂര്‍ സമരത്തിന്‍െറ കഥ പറയുന്ന നാടകം കേരളത്തിന്‍െറ സാമൂഹികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത്. എക്കാലത്തേക്കുമുള്ള സാമൂഹിക വിമര്‍ശമായി ഇത് അനുഭവപ്പെടുമെന്ന് കരിവെള്ളൂര്‍ മുരളി പറയുന്നു. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട നാലു സഖാക്കളില്‍ ഒരാളാണ് പള്ളിക്കാല്‍ അബൂബക്കര്‍. ഈ അബൂബക്കറിന്‍െറ ഉമ്മ പറയുന്ന കാര്യങ്ങളായാണ് നാടകം പുരോഗമിക്കുന്നത്. ഐക്യ കേരളത്തിന്‍െറ രൂപവത്കരണം, കമ്യൂണിസ്റ്റ് മന്ത്രിസഭ, വിമോചന സമരം, മിച്ചഭൂമി സമരം, ഇ.എം.എസിന്‍െറ പ്രസംഗങ്ങള്‍ എന്നിങ്ങനെ വൈകാരികമായ ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെയാണ് അബൂബക്കറിന്‍െറ ഉമ്മ കടന്നുപോകുന്നത്. 2002ല്‍ മുപ്പതു കഥാപാത്രങ്ങളുള്ള നാടകമായിരുന്നു അബൂബക്കറിന്‍െറ ഉമ്മ പറയുന്നു എന്നത്. 50 വേദികളില്‍ അവതരിപ്പിച്ചതിനു ശേഷം ഇത് അവസാനിപ്പിച്ചു. എന്നാല്‍, അബൂബക്കറിന്‍െറ ഉമ്മയെന്ന കഥാപാത്രം തന്നെ വിട്ടുപോകുന്നില്ളെന്ന് രജിതാ മധു സംവിധായകന്‍ കരിവെള്ളൂര്‍ മുരളിയോട് പറഞ്ഞതോടെയാണ് ഏകപാത്ര നാടകമാക്കി മാറ്റിയെഴുതുന്നത്. ലോക റെക്കോഡിലേക്ക് കടക്കുന്നതിനുള്ള യോഗ്യതാപത്രം യു.ആര്‍.എഫിന്‍െറ പ്രതിനിധി ഡോ. സുനില്‍ ജോസഫ് രജിതക്ക് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ മധു വെങ്ങര, പപ്പന്‍ ചിരന്തന, ടി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Loading...
COMMENTS