ബസുകൾ ഒാട്ടം നിർത്തുന്നു; യാത്രാമാര്‍ഗമില്ലാതെ സേനാപതി

05:01 AM
18/10/2019
രാജാക്കാട്: സ്വകാര്യ ബസുകള്‍ അടക്കം സർവിസ് നിര്‍ത്തിയതോടെ യാത്രാമാര്‍ഗമില്ലാതെ വലയുകയാണ് ഇടുക്കി സേനാപതി നിവാസികള്‍. പതിനഞ്ചോളം ബസ് സർവിസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് സർവിസ് മാത്രമാണുള്ളത്. ട്രിപ് ജീപ്പുകളും സർവിസ് നടത്തുന്നില്ല. പുറംലോകവുമായി ബന്ധപ്പെടാൻ ഏക ആശ്രയം ടാക്‌സി ഓട്ടോകള്‍ മാത്രമാണ്. ഹൈറേഞ്ചിലെ ഉള്‍ഗ്രാമപ്രദേശമായ പഞ്ചായത്താണ് സേനാപതി. പഞ്ചായത്തിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കുറഞ്ഞത് അഞ്ചു കിലോമീറ്ററിലധികം സഞ്ചരിക്കണം. മുമ്പ് മൂന്ന് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സർവിസുകള്‍ ഇവിടെ നിന്നുണ്ടായിരുന്നു. രണ്ടെണ്ണം സർവിസ് നിര്‍ത്തി. സ്വകാര്യബസുകളും നിര്‍ത്തിയതോടെ വിദ്യാര്‍ഥികളടക്കം ബുദ്ധിമുട്ടിലാണ്. പഞ്ചായത്ത് ഒാഫിസ് അടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്ന ടൗണില്‍ കാത്തിരിപ്പ് കേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും അടക്കം അടിസ്ഥാന സൗകര്യവും ഇല്ലാത്തതും പ്രതിസന്ധിയാണ്. അടിയന്തരമായി പ്രദേശത്തേക്ക് ബസ് സർവിസുകള്‍ പുനരാരംഭിക്കണമെന്നും ടൗണില്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Loading...