ഇല പഴുത്ത്​ ഇഞ്ചി നശിക്കുന്നു; കർഷകർ പ്രതിസന്ധിയില്‍

05:01 AM
18/10/2019
രാജാക്കാട്: ഇടവേളക്കുശേഷം ഹൈറേഞ്ചില്‍ വ്യാപകമായ ഇഞ്ചികൃഷി രോഗബാധയും കീടശല്യവും മൂലം നശിക്കുന്നു. ഹൈറേഞ്ചിലെ കുടിയേറ്റകാലം മുതലുള്ള പ്രധാന തന്നാണ്ടുകൃഷികളില്‍ ഒന്നായിരുന്നു ഇഞ്ചി. എന്നാല്‍, വിലത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം ഹൈറേഞ്ചിലെ കര്‍ഷകര്‍ ഇഞ്ചികൃഷിയില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുശേഷം ഇത്തവണയാണ് ഹൈറേഞ്ചില്‍ വ്യാപകമായി കര്‍ഷകര്‍ ഇഞ്ചികൃഷി പുനരാരംഭിച്ചത്. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാട്ടത്തിനടക്കം സ്ഥലമെടുത്ത് ഏക്കർ കണക്കിനു സ്ഥലത്താണ് കൃഷി നടത്തിയത്. എന്നാല്‍, രോഗബാധ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ഇലകള്‍ക്ക് പഴുപ്പ് ബാധിച്ച് തണ്ടുകള്‍ അഴുകി നശിക്കുകയാണ്. ഇതോടെ വളര്‍ച്ചയെത്താത്ത ഇഞ്ചിയും നശിക്കും. ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയ കൃഷിയില്‍നിന്ന് ഒന്നും തിരിച്ചുകിട്ടാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. ബോഡോ മിശ്രിതം പ്രയോഗിക്കാം കുമിള്‍ബാധ മൂലമുണ്ടാകുന്ന അഴുകല്‍രോഗമാണ് ഇഞ്ചിയെ വ്യാപകമായി ബാധിച്ചിരിക്കുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിലുള്ള ഇഞ്ചി പറിച്ചുമാറ്റി ബോഡോ മിശ്രിതം പ്രയോഗിച്ചാല്‍ രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Loading...
COMMENTS