ഇടുക്കി കവല ബൈപാസിലേക്കുള്ള ലിങ്ക് റോഡ് തകര്‍ന്നു

05:01 AM
18/10/2019
കട്ടപ്പന: ഗുരുമന്ദിരം റോഡില്‍നിന്ന് പ്രിൻറിങ് കോപറേറ്റിവ് സൊസൈറ്റി സ്ഥാപനമായ പ്രിന്‍കോസിനു മുന്നിലൂടെ ഇടുക്കി കവല ബൈപാസിലേക്കുള്ള ലിങ്ക് റോഡ് പൂര്‍ണമായി തകര്‍ന്നു. കുഴിനിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ ദുര്‍ഘടമാണ്. കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്ന ബൈക്കുകള്‍ അപകടത്തില്‍പെടുന്നതും തകർന്ന റോഡിൽ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ കയറി ഇരുചക്ര വാഹനങ്ങള്‍ തെന്നിമറിയുന്നതും പതിവുകാഴ്ചയാണ്. റോഡില്‍ ഇളകി കിടക്കുന്ന മെറ്റലും അപകട ഭീഷണി സൃഷ്ടിക്കുന്നു. കട്ടപ്പനയില്‍നിന്ന് ബൈപാസിലേക്കുള്ള ലിങ്ക് റോഡാണ് നാളുകളായി തകര്‍ന്നുകിടക്കുന്നത്. നഗരത്തിലെ തിരക്ക് കുറക്കാന്‍ ഏറെ സഹായകരമായ പാതയാണിത്. എന്നാല്‍, പാത നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചുകുട്ടിയുമായി ബൈക്കില്‍ വന്ന ദമ്പതികള്‍ ഇവിടെ അപകടത്തില്‍പെട്ടിരുന്നു. വീഴ്ചയില്‍ മാതാവിനു പരിക്കേറ്റു. ബൈക്കിനു സാരമായി കേടുപാട് സംഭവിക്കുകയും ചെയ്തു. രാത്രിയിലും നിരവധിപേരാണ് അപകടത്തില്‍പെടുന്നത്. ശബ്ദം കേട്ട് ഓടിയെത്തുന്ന നാട്ടുകാരാണ് അപകടത്തില്‍പെടുന്നവരെ രക്ഷിക്കുന്നത്.
Loading...