പകരം സബ്​്​ കലക്​ടറില്ല; പ്രത്യേക സംഘത്തെയും പൊളിച്ചു

05:01 AM
27/09/2019
മൂന്നാർ: മൂന്നാർ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തെയും പൊളിച്ചടുക്കിയിരിക്കുകയാണ് ഇക്കുറി ദേവികുളം സബ്കലക്ടറുടെ മാറ്റത്തിനൊപ്പം. പകരം സബ്കലക്ടറെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ കൈയേറ്റം കൈകാര്യം െചയ്യേണ്ട സംഘത്തെ തന്നെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. മന്ത്രി എം.എം. മണിയുടെ സഹോദരൻെറയും മുബൈ ആസ്ഥാനമായ കമ്പനിയുടെയുമടക്കം വൻകിട കൈയേറ്റം ഉൾപ്പെടുന്ന ചിന്നക്കനാൽ മേഖലയെ ലക്ഷ്യംവെച്ച് സബ് കലക്ടർ രേണുരാജ് നിയോഗിച്ച 12 അംഗസംഘത്തിലെ രണ്ടുപേരെ മാത്രം നിലനിർത്തി മറ്റുള്ള ഉദ്യോഗസ്ഥരെ മാറ്റിയതോടെ ഇനി പ്രത്യേകസംഘം ഉണ്ടാകുമോ എന്നതിലും അവ്യക്തതയുണ്ട്. സബ്ഡിവിഷൻ ചുമതലയിൽ ഇനി ഐ.എ.എസുകാർ വേണ്ടെന്ന് സി.പി.എം ജില്ല നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്രമോഷൻ കാഡർ ഉദ്യോഗസ്ഥനെ ദേവികുളത്ത് കൊണ്ടുവരാനാണ് പാർട്ടി താൽപര്യം. ഇക്കാരണത്താലാണ് ബുധനാഴ്ച മാറ്റിയ ഡോ. രേണുരാജിന് പകരം സബ്കലക്ടറെ നിയമിക്കാത്തത്. ഐ.എ.എസുകാരെ സബ്ഡിവിഷൻ ചുമതലയിൽ വേണ്ടെന്ന് പാർട്ടി താൽപര്യത്തിൻെറ പേരിൽ തീരുമാനം വൈകാനുമിടയുണ്ട്. ഇടുക്കി എം.പിയായിരുന്ന ജോയ്സ് ജോർജിൻെറയും പള്ളിവാസലിലെ 14 നിലകെട്ടിടത്തിൻെറയും പട്ടയങ്ങൾ റദ്ദുചെയ്ത സംഭവത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച രേണുരാജിനെ മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോർജിൻെറയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത്. ഇത് സി.പി.എം നേതൃത്വത്തെ അതൃപ്തിയിലാക്കിയിരുന്നു. പട്ടയം റദ്ദാക്കിയ നടപടി ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെയാണ് സബ് കലക്ടറെ മാറ്റാൻ സർക്കാർ തെരഞ്ഞെടുത്തത്. മൂന്നാർ ടൗണിലെ മുതിരപ്പുഴയാർ കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതും സ്ഥലംമാറ്റത്തിനു കാരണമായിട്ടുണ്ടെന്നാണ് സൂചന. സബ് കലക്ടറെ മാറ്റിയതോടെ മൂന്നാറിലെ കൈയേറ്റങ്ങൾക്ക് എതിരെയുള്ള നടപടി നിലനിൽക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Loading...