കുമളി അട്ടപ്പള്ളം പാറമടയിൽ മണ്ണിടിച്ചിൽ, ഒട്ടകത്തലമേട്ടിൽ വിള്ളൽ; നാട്ടുകാർ ഭീതിയിൽ

05:01 AM
11/08/2019
കുമളി: കനത്ത മഴയെത്തുടർന്ന് അട്ടപ്പള്ളത്തെ സ്വകാര്യ വ്യക്തിയുടെ പാറമടയിൽ വൻതോതിൽ മണ്ണിടിഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഉരുൾപൊട്ടിയെന്ന് വ്യാപക പ്രചാരണം ഉണ്ടായതോടെ പൊലീസ്-റവന്യൂ അധികൃതർ സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാൽ, പാറമടയുടെ ഒരു ഭാഗത്ത് കൂട്ടിവെച്ച മണ്ണും കല്ലും താഴേക്ക് ഇടിഞ്ഞതാണെന്ന് കണ്ടെത്തിയതോടെ ആശ്വാസമായി. പാറമടയോട് ചേർന്ന കൃഷിയിടത്തിൽ മണ്ണും കല്ലും നാശനഷ്ടം ഉണ്ടാക്കി. ജനവാസമേഖലയായ കുമളി ഒട്ടകത്തലമേട്ടിലെ കുരിശിനുപോകും വഴിയിൽ വിള്ളൽ കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. വിള്ളൽ വലുതാകാനും മലയിൽ മണ്ണിടിച്ചിൽ ഉണ്ടാകാനും സാധ്യതയേറിയതോടെ നാട്ടുകാരും അധികൃതരും ജാഗ്രതയിലാണ്. ലബ്ബക്കണ്ടം ട്രൈബൽ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് അടച്ചു. ക്യാമ്പിലുണ്ടായിരുന്ന മുഴുവൻ കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയതോടെയാണ് ക്യാമ്പ് നിർത്തിയത്.
Loading...
COMMENTS