വാഹനം പുറത്തിറക്കുന്നതിനെച്ചൊല്ലി തിയറ്ററിനു​ മുന്നിൽ സംഘർഷം; അഞ്ചുപേർക്കെതിരെ കേസ്​

05:01 AM
11/08/2019
തൊടുപുഴ: തിയറ്റര്‍ വളപ്പില്‍നിന്ന് വാഹനം പുറത്തിറക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് തിയറ്റർ ജീവനക്കാര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30ന് ആശിർവാദ് തിയറ്ററിനു മുന്നിലായിരുന്നു സംഭവം. ഡി.വൈ.എഫ്‌.ഐ യൂനിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി രാത്രി തിയറ്ററില്‍ വാഹനവുമായി എത്തിയിരുന്നു. ഈ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്ന് പുറത്തേക്കിറക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിൻെറ തുടക്കം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിയറ്റര്‍ ജീവനക്കാര്‍ വാഹനത്തില്‍ കൈകൊണ്ട് ബലമായി തട്ടിയെന്നാരോപിച്ച് വാഹനത്തിലുണ്ടായിരുന്നവരും തിയറ്റര്‍ സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ വാഹനത്തിൻെറ ഡിക്കിയില്‍നിന്ന് കമ്പിവടിയെടുത്ത് കാര്‍ യാത്രക്കാര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ കമ്പിവടി പിടിച്ചുവാങ്ങി കാറിനടിയിലേക്ക് ഇട്ടതിനുശേഷം തിയറ്റര്‍ കോമ്പൗണ്ടിലുണ്ടായിരുന്ന നോ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ച് മാത്യൂസിനെ ആക്രമിച്ചു. ആക്രമണത്തില്‍ മാത്യൂസിൻെറ കൈയൊടിഞ്ഞു. വിവരമറിഞ്ഞ് പിന്നീട് കൂടുതല്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തിയറ്റര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ തിയറ്ററിനു മുന്നില്‍ സംഘടിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതിനിടെ മുതലക്കോടം മേഖല സെക്രട്ടറി പി.എം. ഷെമീറിന് പരിക്കേറ്റു. ഒരു പൊലീസുകാരനും നിസ്സാരപരിക്കേറ്റു. പരിക്കേറ്റ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തിയറ്റര്‍ മാനേജര്‍ നിനീഷ് ജോര്‍ജ്, ജീവനക്കാരായ അഗസ്റ്റിൻ സണ്ണി, സി.ആര്‍. രാഹുല്‍ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു തിയറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി എസ്‌.ഐ പറഞ്ഞു. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിയറ്ററിനു മുന്നിൽ ഡി.വൈ.എഫ്‌.ഐ നേതൃത്വത്തില്‍ ഉപരോധം നടത്തി. രാവിലെ തിയറ്ററിനു മുന്നില്‍ കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.
Loading...
COMMENTS