കർഷകർക്ക്​ ആശ്വാസം; ഇഞ്ചിക്കും ചുക്കിനും വില ഉയർന്നു

05:00 AM
10/07/2019
കട്ടപ്പന: ഹൈറേഞ്ചിലെ കർഷകർക്ക് ആശ്വാസമായി ഇഞ്ചിയുടെയും ചുക്കിൻെറയും വില കുത്തനെ ഉയർന്നു. കാലാവസ്ഥ വ്യതിയാനമുണ്ടായതോടെ ഉൽപാദനം കുറയുമെന്ന സൂചനകളെ തുടർന്നാണ് ഇഞ്ചിയുടെയും ചുക്കിൻെറയും വില കുത്തനെ ഉയർന്നത്. ഒരു കിലോ ഇഞ്ചിക്ക് ഇപ്പോള്‍ പൊതു കമ്പോളത്തില്‍ 230 മുതൽ 250 രൂപവരെ വിലയുണ്ട്. 60 കിലോ ചാക്കിന് ഹോൾസെയിൽ വില 13,000 രൂപവരെയായി ഉയർന്നു. പച്ചക്കറിക്കടകളിൽ കിലോക്ക് 250 രൂപവരെ നൽകണം. ചുക്കിൻെറ വില 250നിന്ന് ഇപ്പോള്‍ 800 ആയി ഉയർന്നു. പ്രധാന നാണ്യവിളകളായ കുരുമുളക്, ഏലം, റബർ എന്നിവയുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇടവിളകൃഷികളായിരുന്നു ഏക ആശ്രയം. കിലോക്ക് 40 രൂപയില്‍ നിന്നാണ് ഇഞ്ചിയുടെ വില 250ല്‍ എത്തുന്നത്. ഇപ്പോൾ ഇഞ്ചി കാര്യമായി ലഭിക്കാത്ത സാഹചര്യവുമുണ്ട്. മുമ്പ് കേന്ദ്രസര്‍ക്കാറിൻെറ നോട്ട്നിരോധനം ഇഞ്ചികൃഷിയെ സാരമായി ബാധിച്ചിരുന്നു. ആ അവസരത്തിൽ വില കുത്തനെ താഴ്ന്ന് കിലോക്ക് 25 രൂപയിലേക്ക് ഇടിഞ്ഞു. വിളവെടുപ്പ് കഴിഞ്ഞ സമയത്ത് പ്രതീക്ഷിച്ചതിൻെറ പകുതിപോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാന്‍ കഴിയാതെ കർഷകർ വിഷമിച്ചിരുന്നു. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവെച്ച ചുക്കിന് പൂപ്പല്‍ ബാധിച്ചതോടെ മിക്ക കർഷകരും നേരേത്ത വിറ്റഴിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ വില വർധനയുണ്ടായത്. മേയ്, ജൂണ്‍ മാസങ്ങളിലാണ് കർഷകർ ഇഞ്ചി നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമേ വിള മെച്ചമാകൂ. എന്നാല്‍, ഈ സീസണില്‍ കാലവര്‍ഷത്തിൻെറ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് കൃഷിയെ ദോഷകരമായി ബാധിച്ചു. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിൻെറ പകുതി പോലും വിളവ് പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്. ഹൈറേഞ്ച് മേഖലയിലെ മിക്ക കര്‍ഷകരുടെയും പ്രധാന ഇടവിളകൃഷികളിൽ ഒന്നാണ് ഇഞ്ചികൃഷി. ഒരു കാലത്ത് ഇഞ്ചി കൃഷി കർഷകർ വേണ്ടെന്ന് വച്ചത് മേന്മയുള്ള നാടന്‍ ഇഞ്ചിയിനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കിയിരുന്നു. ഇപ്പോഴത്തെ വില വർധന ഇഞ്ചി കൃഷിയെ പഴയ പ്രതാപകാലത്തേക്ക് തിരികെ എത്തിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികളിലും കർഷകരിലും.
Loading...
COMMENTS