വിനോദ സഞ്ചാര മേഖലക്ക്​​ ആശ്വാസമായി തേക്കടിയിൽ വേനൽമഴ

05:01 AM
18/05/2019
കുമളി: കടുത്ത വേനൽ ചൂടിൽ വറ്റിത്തുടങ്ങിയ തേക്കടിക്ക് ആശ്വാസമായി വേനൽമഴയെത്തി. രണ്ടുദിവസമായി പെയ്ത മഴ വിനോദസഞ്ചാരമേഖലക്കൊപ്പം കാർഷിക മേഖലക്കും ആശങ്കയകറ്റുന്നതായി. മഴക്കുറവ് കാരണം തേക്കടി തടാകം വറ്റുകയും ബോട്ട് സവാരി പ്രതിസന്ധിയിലാകുകയും ചെയ്ത ഘട്ടത്തിലാണ് വേനൽമഴയെത്തിയത്. മണ്ണ് നനച്ച് പെയ്ത മഴ വിനോദസഞ്ചാര മേഖലയുടെ മനം കുളിർപ്പിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 112.25 അടിയായി താഴ്ന്നതോടെയാണ് തേക്കടി തടാകവും വറ്റിയത്. സെക്കൻഡിൽ വെറും 100 ഘന അടി ജലം മാത്രമാണ് അണക്കെട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്. തമിഴ്നാട്ടിലെ കുടിവെള്ള ആവശ്യത്തിനായി 100 ഘന അടി ജലം തുറന്നുവിട്ടിരുന്നു. മഴ വൈകിയാൽ ബോട്ട് സവാരി നിർത്തിവെക്കേണ്ടി വരുമെന്ന ആശങ്കക്കിടെയാണ് മഴയെത്തിയത്. കടുത്ത വേനൽ ചൂടിൽ ഉണങ്ങിക്കരിഞ്ഞ് കാട്ടുതീ ഭീഷണിയിലായിരുന്ന പെരിയാർ വന്യജീവി സങ്കേതത്തിനും മഴ ആശ്വാസം നൽകി. മഴയിൽ പുല്ലുംചെടികളും പുതുതായി മുളക്കുന്നത് ആന, മ്ലാവ്, കേഴ ഉൾെപ്പടെ ജീവികൾ തീറ്റതേടി തടാകതീരത്തെത്താൻ കാരണമാകും. ഇത്, ബോട്ട് സവാരി നടത്തുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷക്കാഴ്ച ഒരുക്കും.
Loading...
COMMENTS